വയനാട്ടിൽ വീണ്ടും പുലി; വീട്ടിനകത്തേക്ക് കയറാൻ ശ്രമം
- Published by:Anuraj GR
- news18-malayalam
Last Updated:
ജനവാസമേഖലയിൽ പുലി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലകളിൽ വീണ്ടും പുലി ഇറങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മേപ്പാടി മുണ്ടക്കൈയിലാണ് പുലി ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പുലി എത്തിയത്. പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ജനവാസമേഖലയിൽ പുലി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു വീടുകളുടെ മുന്നിലാണ് പുലി എത്തിയത്. എന്നാല്‍ ഇക്കാര്യം വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുണ്ടക്കൈ പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. രാജന്‍റെ വീട്ടിലെ കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പുഞ്ചിരിമറ്റത്തും പരിസരങ്ങളിലും നിരവധി തവണ പുലിയുടെ സാന്നിദ്ധ്യമുണ്ടാകുകയും ആക്രമണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്. പുലിയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വീണ്ടും പുലിയെ കണ്ടെത്തിയതോടെ രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
February 20, 2024 1:10 PM IST