ലഹരിക്കടത്ത് കേസ് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നിർണായകമായത് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇൻ്റർപോളിൻ്റെ കത്ത്. ഇപ്പോഴത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും (Antony Raju) തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ തൊണ്ടി ക്ലർക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മാറ്റിയെന്ന കേസിലെ സുപ്രധാന തെളിവാണ് ഇന്‍റര്‍പോളിന്‍റെ ഈ കത്ത്.
കേസില്‍ നിന്ന് രക്ഷപെട്ട പ്രതി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സാർവലി തിരികെ ഓസ്ട്രേലിയയിലെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് കേരളത്തിലെ കേസില്‍ നടത്തിയ തട്ടിപ്പിൻ്റെ കഥ പുറത്തായത്.ഓസ്ട്രേലിയൻ പൊലീസ് ഇൻ്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ ഈ രേഖ 26 വർഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് കിട്ടുന്നത്.
ലഹരിയുമായി പിടിയിലായി ഒറ്റ വർഷത്തിനുള്ളിൽ വിചാരണയും അപ്പീൽ വാദവും പൂർത്തിയാക്കി 1991 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തിയ പ്രതി ആൻഡ്രൂ സാൽവദോർ സർവല്ലിയെ വിക്ടോറിയയിൽ ഒരു കൊലപാതക കുറ്റത്തിന് പൊലീസ് പിടികൂടി. മെൽബൺ റിമാൻഡ് സെന്ററിൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ, ആൻഡ്രൂ തന്റെ സഹതടവുകാരൻ വെസ്ലി ജോൺ പോളിനോട് തന്റെ ഇന്ത്യൻ സാഹസികതയെക്കുറിച്ചും തെളിവുകൾ നശിപ്പിക്കാൻ കോടതിയിലെ ക്ലർക്കിന് എങ്ങനെ കൈക്കൂലി നൽകിയെന്നും വീമ്പിളക്കിയതായി പറയുന്നു.
“അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ ഇന്ത്യയിലേക്ക് തിരിക്കുന്നു. കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കുന്നു…. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാർക്ക് ഓഫ് കോർട്സ്, എന്നാണെന്ന് കത്തിൽ എടുത്ത് പറയുന്നു. തുടർന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സർവലിയുടേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു.
Also Read- ഓസ്ട്രേലിയക്കാരന്റെ ജട്ടി തിരുവനന്തപുരം കോടതിയിലെങ്ങനെ വന്നു?
പിന്നീട് നടന്ന കോടതി വാദത്തിനിടെ (ഹൈക്കോടതിയിലെ അപ്പീൽ വാദം) തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയർത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സർവലി കുറ്റവിമുക്തനാകുന്നു.”
ഓസ്ട്രേലിയൻ പൊലീസ് ഹോമിസൈഡ് സ്ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇൻ്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും ചേർത്തുവച്ചാണ് ആന്‍റണി രാജുവിനെയും ക്ലാർക്ക് ജോസിനെയും 2006ൽ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതി ചേര്‍ത്തത്.
1996 ജനുവരിയില്‍ ഇത്രയും ശക്തമായൊരു തെളിവ് ലഭിച്ചിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കാലമേറെ കഴിഞ്ഞതിനാല്‍ കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞാണ് 2002ൽ എം.എം. തമ്പി എന്ന ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug Case, Interpol, Minister Antony Raju