ഇന്റർഫേസ് /വാർത്ത /Kerala / മുൻ കായികതാരം പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്; തിരുവനന്തപുരത്ത് യു.ഡി.എഫ് മേയർ സ്ഥാനാർഥിയായേക്കും

മുൻ കായികതാരം പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്; തിരുവനന്തപുരത്ത് യു.ഡി.എഫ് മേയർ സ്ഥാനാർഥിയായേക്കും

പത്മിനി തോമസ്

പത്മിനി തോമസ്

മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം പത്മിനി തോമസുമായി ആശയവിനിമയം നടത്തി.

  • Share this:

തിരുവനന്തപുരം: കായിക താരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്. സർവീസിൽ നിന്നും വിരമിച്ച പത്മിനി തോമസ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫിന്റെ  മേയർ സ്ഥാനാർത്ഥിയായേക്കും. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പത്മിനി തോമസുമായി ആശയവിനിമയം നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം കോർപ്പറേഷൻ കളമൊരുങ്ങുന്നത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷത്ത് ബിജെപിയെത്തി. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുന്നത്.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം പത്മിനി തോമസുമായി ആശയവിനിമയം നടത്തി. എൽഡിഎഫിനെ യും ബിജെപിയെയും നേരിടാൻ പൊതുസമ്മതരെ രംഗത്തിറക്കാനാണ് നീക്കം. ഈ വർഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ച പത്മിനി വർഷങ്ങളായി തലസ്ഥാനത്ത് സജീവമാണ്. അർജുന അവാർഡ് ജേതാവായ പത്മിനി തോമസിന് ഏഷ്യൻ ഗെയിംസിലും മെഡൽ ലഭിച്ചിട്ടുണ്ട്. ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് 27 മുതൽ 31 വരെ പേര് ചേർക്കാൻ അവസരം

യു.ഡി.എഫ് ഭരണകാലത്ത് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസ് റെയിൽവേയിലെ ചീഫ് സൂപ്പർവൈസർ (കംപ്യൂട്ടർ റിസർവേഷൻ) പദവിയിൽ നിന്നും 41 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ കേരളത്തിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചതിന് ചുക്കാൻ പിടിച്ചതും പത്മിനി തോമസായിരുന്നു.   കോളജ് ഗെയിംസ് പുനരാരംഭിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

ഭർത്താവും മുൻ ദേശീയ കായികതാരവുമായിരുന്ന ജോൺ സെൽവന്റെ സഹോദരൻ ജോൺസൺ ജോസഫ് നഗരസഭയിൽ കോൺഗ്രസിൻറെ മുതിർന്ന കൗൺസിലറാണ്.

നവംബർ ആദ്യവാരം കെ.പി.സി.സി ഉപസമിതി സ്ഥാനാർഥിനിർണയത്തിൽ അന്തിമ തീരുമാനമെടുക്കും. അടൂർ പ്രകാശ് എം പിക്കും പിസി വിഷ്ണുനാഥിനുമാണ് തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല. ഘടകകക്ഷികൾക്ക് നേരത്തേ നൽകിയ സീറ്റുകളിൽ പലതും കോൺഗ്രസ് ഏറ്റെടുത്തേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 100 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന്റെ അംഗബലം 21 സീറ്റിലൊതുങ്ങിയിരുന്നു.

First published:

Tags: Congress, Thiruvananthapuram coroporation, Udf