'വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു': വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരീക്കരുതെന്ന് മന്ത്രി ജി.സുധാകരൻ

Last Updated:

വെബ്സൈറ്റിലെ നോട്ടീസുകൾ ഉപയോഗിച്ച് വർഗീയ പ്രചരണങ്ങളും നോട്ടീസ് നൽകുന്നവർക്കെതിരേ ഭീഷണി ഉണ്ടാകുന്നുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ നോട്ടീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി ജി. സുധാകരൻ. വിവാഹ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. വെബ്സൈറ്റിലെ നോട്ടീസുകൾ ഉപയോഗിച്ച് വർഗീയ പ്രചരണങ്ങളും നോട്ടീസ് നൽകുന്നവർക്കെതിരേ ഭീഷണി ഉണ്ടാകുന്നുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈനായി മാറിയതോടെ 2019 മുതലാണ് ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
നോട്ടീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി അപേക്ഷകരുടെ വാസസ്ഥലം ഉൾപ്പെടുന്ന സബ് രജിസ്ട്രാർ ഓഫീസുകളുടെ നോട്ടീസ് ബോർഡുകളിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
advertisement
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
രണ്ടു ദിവസം മുമ്പ് ശ്രീമതി ആതിര സുജാത രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ധയിൽപെട്ടു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ച അവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചായിരുന്നു അവർ എഴുതിയത്. അതിനെ കുറിച്ച് ഉടൻ തന്നെ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ഈ വിഷയത്തിൽ സംസ്ഥാന വകുപ്പിന് ചെയ്യാൻ പറ്റുന്ന നടപടികളെ കുറിച്ച് ആരായുകയും ചെയ്തു. ഒട്ടും കാലതാമസമില്ലാതെ തന്നെ പ്രശ്നം പരിഹരിക്കാനുള്ള നിർദേശവും രജിസ്ട്രേഷൻ ഐ.ജിക്ക് നൽകി.

സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമർപ്പിക്കുന്ന വിവാഹ നോട്ടീസ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തിവയ്ക്കുന്നതിനും നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ മാത്രം പ്രദർശിപ്പിക്കുന്നതിനും നിർദ്ദേശം നൽകി.

1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിർപ്പുണ്ടെങ്കിൽ ആയത് സമർപ്പിക്കുന്നതിനുമായി പ്രദർശിപ്പിക്കേണ്ടതാണ്.

2018-ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങൾ ഉൾപ്പെടെ രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019 മുതൽ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

എന്നാൽ ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് നോട്ടീസുകളിലെ വിവരങ്ങൾ വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നൽകുന്നവർക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാവുന്നതായും ഉള്ള പരാതികൾ ശ്രദ്ധയിൽ പെട്ടു . അപേക്ഷകരുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അപേക്ഷകളുടെ സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ നൽകിയ നിർദ്ദേശാനുസരണം രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പിന്റെ വെബ്സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിവാഹ നിയമപ്രകാരം അപേക്ഷകരുടെ ഫോട്ടോയും മേൽവിലാസവും സഹിതം സമർപ്പിക്കുന്ന വിവാഹ നോട്ടീസുകളുടെ ദുരുപയോഗം തടയുന്നതിനും നോട്ടീസുകളിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വർഗീയ പ്രചരണം തടയുന്നതിനുമായി വിവാഹ നോട്ടീസുകൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉൾപ്പെടുന്ന സബ് രജിസ്ട്രാർ ഓഫീസുകളുടെ നോട്ടീസ് ബോർഡുകളിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്ന നിർദ്ദേശവും നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു': വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരീക്കരുതെന്ന് മന്ത്രി ജി.സുധാകരൻ
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement