തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം: മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ താൽക്കാലിക ഒഴിവുകളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ക്ലിഫ് ഹൗസില്‍ എത്തിയാണ് ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയത്. താന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും കത്തിലെ നിജസ്ഥിതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരുമണിക്കൂറോളം മേയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ കത്ത് എങ്ങനെയാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
advertisement
Also Read- എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെ കുറിച്ച് ഒന്നും പറയാനില്ല: എംബി രാജേഷ്
കോർപറേഷനും വിശദീകരണം നല്‍കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിക്ക് കത്ത് കിട്ടിയിട്ടില്ല. ആവശ്യമായ പരിശോധന നടക്കട്ടേ. മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തന്നെ ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ പരിശോധന നടത്താം. പിന്‍വലാതിലിലൂടെ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്ന നിലപാട് ഞങ്ങള്‍ സ്വീകരിക്കുന്നില്ല. അര്‍ഹതയുള്ളവര്‍ വന്നോട്ടെയെന്നാണ് കരുതുന്നത്. വലിയ പ്രചാരണങ്ങള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരെ നടക്കുന്നുണ്ട്.
advertisement
ബിജെപി പലതും പറയും. അവര്‍ ഗവര്‍ണറെ കാണട്ടേ. അതോടെ ആ പ്രശ്‌നം ഇല്ലാതാകും. 295 ആളെയും നിയമിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിതന്നെയായിരിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരെ ജോലിയില്‍ തിരികി കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിയില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2022 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം: മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി