• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എം സി ജോസഫൈൻ വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു; അവരോട് സഹതാപം മാത്രം': പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

'എം സി ജോസഫൈൻ വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു; അവരോട് സഹതാപം മാത്രം': പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. സീനിയറായ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകുമെന്നും സതീശൻ ചോദിച്ചു.

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
    കൊല്ലം: സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ തകർത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവരോട് ദേഷ്യമല്ല, സഹതാപമാണുള്ളത്. ജോസഫൈന്‍റെ പാർട്ടിയും സർക്കാരും വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഭർതൃപീഡനത്തെ തുടർന്ന് മരിച്ച വിസ്മമയയുടെ നിലമേലിലെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

    സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. സീനിയറായ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകുമെന്നും സതീശൻ ചോദിച്ചു.

    ജോസഫൈനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല. ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾ കൂടുതൽ കരുത്തരാകണമെന്നും സതീശന്‍ പറഞ്ഞു. രാവിലെ ഏഴരയോടെയാണ് പ്രതിപക്ഷ നേതാവ് വിസ്‌മയയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകൾക്ക് നേരിട്ട ദുരനുഭവങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്‌ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്‌മയയുടെ വീട്ടിലെത്തിയിരുന്നു.

    Also Read- അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; പരിക്കുപറ്റിയ യാത്രക്കാർ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു

    അതേസമയം, ജോസഫൈനെ തുടരാൻ അനുവദിക്കില്ലെന്നും വഴിതടയുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. ആദ്യമായിട്ടല്ല ഇവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നത്. അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും. സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ പരാതി വരെ ഒരു പാഴ് പാർട്ടി കമ്മിഷൻ ഉണ്ടാക്കി തീവ്രത കുറഞ്ഞ പീഡനം എന്നു പറഞ്ഞ് പരിഹസിച്ചത് നമ്മൾ കണ്ടതാണെന്നും സുധാകരൻ സമൂഹമാധ്യമത്തിൽ പറഞ്ഞു.

    പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കിൽ അവർക്ക് മുൻപിൽ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്കു മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റുതിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ഭാവമെങ്കിൽ അത് സമൂഹത്തിനും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ സർക്കാരിന്റെ വെല്ലുവിളി ആയിട്ടാണ് കെപിസിസി മനസ്സിലാക്കുന്നത്.

    ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല. അധികാരത്തിൽനിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയാനാണ് ഞങ്ങളുടെ തീരുമാനം. അല്ലെങ്കിൽ ഒരുപക്ഷേ അവർ ഔദ്യോഗികമായി ഇടപെടുന്ന ഇടങ്ങളിൽ, ആ ഇടപെടൽ കൊണ്ടുമാത്രം അവസാന പ്രതീക്ഷയും അവസാനിച്ച് ഇരകൾ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മൾ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധ മാർഗം എന്നതിനേക്കാൾ ഉപരി കൃത്യനിർവഹണത്തിൽനിന്ന് അവരെ ജനാധിപത്യപരമായി തടയേണ്ടതുണ്ടെന്ന് കെപിസിസി തീരുമാനിച്ചത്.- സുധാകരൻ വിശദീകരിച്ചു.
    Published by:Rajesh V
    First published: