HOME » NEWS » Kerala » MEET A NINTH CLASS STUDENT ABHINAV CHANDRAN WHO WOULD REPAIR LED BULBS

Vocal for Local | കേടായ LED ബൾബുകൾ വലിച്ചെറിയാൻ വരട്ടെ; ഈ ഒമ്പതാം ക്ലാസുകാരൻ അതെല്ലാം ശരിയാക്കി തരും

Meet a ninth class student abhinav chandran | ശാസ്ത്രീയമായി ഇക്കാര്യത്തിൽ ഇതുവരെ ഒന്നും പഠിച്ചിട്ടില്ലാത്ത അഭിനവിന് ഇത് മൂന്നാം ക്ലാസ് മുതലുള്ള താൽപര്യമാണ്. പക്ഷേ, വിദ്യാർത്ഥിയുടെ താൽപര്യത്തിന് പ്രോത്സാഹനമായി അധ്യാപകരും രംഗത്തെത്തി.

Joys Joy | news18
Updated: October 14, 2020, 3:31 PM IST
Vocal for Local | കേടായ LED ബൾബുകൾ വലിച്ചെറിയാൻ വരട്ടെ; ഈ ഒമ്പതാം ക്ലാസുകാരൻ അതെല്ലാം ശരിയാക്കി തരും
അഭിനവ് ചന്ദ്രൻ
  • News18
  • Last Updated: October 14, 2020, 3:31 PM IST
  • Share this:
വല്ലഭന് പുല്ലും ആയുധമെന്നാണ് പ്രമാണം. അതിനിപ്പോ വലിയ വല്ലഭനാണോ ചെറിയ വല്ലഭനാണോ എന്നൊന്നുമില്ല. പ്രതിഭയുണ്ടെങ്കിൽ വഴി താനേ മുന്നിൽ തെളിയും. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നുള്ള പഠനത്തിനൊപ്പം അത്തരത്തിലൊരു വഴി വെട്ടിയ മിടുക്കനാണ് അഭിനനവ് എന്ന കൊച്ചുമിടുക്കൻ. ഇലക്ട്രോണിക്സിനോടുള്ള ഇഷ്ടം വളർന്നു പന്തലിച്ചപ്പോൾ ഈ ഒമ്പതാം ക്ലാസുകാരൻ അതിൽ നിന്ന് വരുമാനവും കണ്ടെത്താൻ തുടങ്ങി. കേടായ എൽ ഇ ഡി ബൾബുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ വലിച്ചെറിയുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, അഭിനവിന്റെ കൈയിൽ കൊടുത്താൽ കേടായ എൽ ഇ ഡി ബൾബ് മാത്രമല്ല ഇലക്ട്രിക് ടോർച്ചും എമർജൻസിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് അടിവാരം സ്വദേശിയാണ് അഭിനവ്. ആദ്യം നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതോടെ അയൽപക്കത്തുള്ളവരായി അഭിനവിന്റെ ആദ്യ ഉപഭോക്താക്കൾ. കേടായ എൽ ഇ ഡി ബൾബ് നന്നാക്കാൻ 20 രൂപയാണ് അഭിനവിന്റെ ചാർജ്. അയൽക്കാർ പറഞ്ഞ് പറഞ്ഞ് സംഭവം നാട്ടിൽ പാട്ടായി. ഇതോടെ നാട്ടിലുള്ളവരും സഹായത്തിനായി അഭിനവിനെ തേടിയെത്തി. അഭിനവിന്റെ അടുത്തേക്ക് എത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടിലെത്തി തന്റെ സേവനം ഉറപ്പുവരുത്തുന്നു ഈ കൊച്ചുമിടുക്കൻ. കൊറോണ ഒരുപാട് വ്യാപിച്ചതു കൊണ്ട് തൽക്കാലം അതിനൊരു നിയന്ത്രണം സ്വയം ഏർപ്പെടുത്തിയിരിക്കുകയാണ്.ബോട്ട് ഉണ്ടാക്കി തുടക്കം

മൂന്നാം ക്ലാസിൽ ചെറിയൊരു ബോട്ട് ഉണ്ടാക്കിയാണ് അഭിനവ് ഇലക്ട്രോണിക്സിനോടുള്ള അഭിരുചി അറിയിച്ചത്. അഞ്ചാം ക്ലാസുമുതൽ ഇത്തരം പരീക്ഷണങ്ങൾ ചെയ്തു തുടങ്ങി. ലോക്ക് ഡൗൺ കാലത്ത് കൂടുതൽ സജീവമായി. എൽ ഇ ഡി ബൾബ്, എമർജൻസി ടോർച്ച്, സി എഫ്, എൽ, ഹെഡ് ലൈറ്റ്, ചാർജർ, ടേബിൾ ഫാൻ എന്നിവയെല്ലാം അഭിനവ് നന്നാക്കി നൽകും. ഇതൊക്കെ ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചാൽ ഈ മിടുക്കന് ഒറ്റ ഉത്തരമേയുള്ളൂ, എല്ലാം സ്വയം പരീക്ഷിച്ച് അറിഞ്ഞ് പഠിച്ചതാണ്.

ഒരു വസ്തുവിന് എന്താണ് പ്രശ്മെന്ന് കണ്ടെത്തുന്നത് മൾട്ടി മീറ്റർ ഉപയോഗിച്ചാണ്. മൾട്ടി മീറ്റർ ഉപയോഗിക്കുന്ന രീതി യു ട്യൂബ് നോക്കിയാണ് പഠിച്ചത്. ഒരു വസ്തുവിന്റെ പ്രശ്നം എന്താണെന്ന് കണ്ടെത്തിയാൽ അതിന് അനുസരിച്ച് അത് നന്നാക്കും. നാട്ടിലെ പയ്യൻ നിസ്സാരക്കാരനല്ലെന്ന് മനസിലാക്കിയ നാട്ടുകാർ വഴിയിൽ അഭിനവിനെ കണ്ടാലും പ്രശ്നം അവതരിപ്പിച്ച് തുടങ്ങി.പ്രോത്സാഹനമായി അധ്യാപകരും

ശാസ്ത്രീയമായി ഇക്കാര്യത്തിൽ ഇതുവരെ ഒന്നും പഠിച്ചിട്ടില്ലാത്ത അഭിനവിന് ഇത് മൂന്നാം ക്ലാസ് മുതലുള്ള താൽപര്യമാണ്. പക്ഷേ, വിദ്യാർത്ഥിയുടെ താൽപര്യത്തിന് പ്രോത്സാഹനമായി അധ്യാപകരും രംഗത്തെത്തി. പുതുപ്പാടി സർക്കാർ ഹൈസ്ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിന് ക്ലാസ് ടീച്ചർ ആയ മഞ്ജുഷ ടീച്ചർ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു നൽകാറുണ്ട്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റിലും (എസ് പി സി) അംഗമാണ് ഈ കൊച്ചുമിടുക്കൻ. എസ് പി സിയുടെ ഇൻ-ചാർജുള്ള ടീച്ചറായ അജില ടീച്ചർ കേടായ ഇലക്ട്രിക് സാധനങ്ങൾ പരീക്ഷണം നടത്തുന്നതിനു വേണ്ടി എത്തിച്ചു തരാറുണ്ടെന്നും അഭിനവ് പറഞ്ഞു. അമ്മയുടെ ചേച്ചിക്കൊപ്പം നിന്നായിരുന്നു ഇത്രയും കാലം പഠനം നടത്തിയത്. അതുകൊണ്ട് തന്നെ അവർ നൽകിയ പിന്തുണയാണ് തനിക്ക് ഏറ്റവും പ്രോത്സാഹമായതെന്നും അഭിനവ് പറയുന്നു. ആദ്യകാലങ്ങളിൽ പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി നൽകിയിരുന്നത് ദിവസവേതനക്കാരി കൂടി ആയിരുന്ന അമ്മയുടെ ചേച്ചി ഷൈനി ആയിരുന്നു.മിനിമം ചാർജ് 20 രൂപ, കടയിൽ പോസ്റ്ററും

different advertisement, Abhinav, Abhinav Chandran, Abhinav, Abhinav Adivaram, Abhinav Kozhikode, elctronic devices, GHS Puthuppady, അഭിനവ് ചന്ദ്രൻ, അഭിനവ് ചന്ദ്രൻ LED ബൾബുകൾ

അഭിനവ് ചന്ദ്രന്റെ കൈയെഴുത്തിലുള്ള പരസ്യം

വാട്ട്സ് മാറുന്നതിന് അനുസരിച്ച് ഉപകരണം നന്നാക്കുന്നതിനുള്ള നിരക്കിലും മാറ്റമുണ്ട്. 20 രൂപയാണ് ഏറ്റവും മിനിമം ചാർജ്. 75 രൂപയാണ് ഇതുവരെ ഈടാക്കിയിട്ടുള്ള ഏറ്റവും ഉയർന്ന ചാർജ്. ഇലക്ട്രോണിക് സാധനങ്ങൾ നന്നാക്കാൻ ആളുകൾ അന്വേഷിച്ച് വരാൻ തുടങ്ങിയതോടെ സമീപത്തെ കടയിൽ കൈപ്പടയിൽ തയ്യാറാക്കിയ ചെറിയ കുറിപ്പ് ഫോൺ നമ്പർ ഉൾപ്പെടെ നൽകി പതിച്ചു. അതിൽ ഏതൊക്കെ ഉപകരണങ്ങൾ സർവീസ് ചെയ്യുമെന്നും ഏതൊക്കെ സർവീസ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. 'ഉപകരണങ്ങൾ കൊണ്ടുവരുന്നവർ സർവീസ് ചെയ്യേണ്ട ഉപകരണമിടുന്ന കവർ-സഞ്ചിയിൽ പേരും ഫോൺ നമ്പരും ഒരു കടലാസിൽ എഴുതി വെയ്ക്കണം. ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണിൽ വിളിച്ചറിയിക്കും' - അഭിനവിന്റെ കൈയെഴുത്തിൽ തയ്യാറാക്കിയ പോസ്റ്ററിലെ വാചകങ്ങളാണിത്.

ഭാവിയിൽ ഇലക്ട്രോണിക്സ് എഞ്ചിനിയർ ആകാനാണ് ഈ കൊച്ചുമിടുക്കന് താൽപര്യം. മാതാപിതാക്കളും പൂർണപിന്തുണയുമായി ഈ കൊച്ചുമിടുക്കനൊപ്പമുണ്ട്. കോഴിക്കോട് - ബെംഗളൂരു റോഡിൽ അടിവാരത്തിന് അടുത്തുള്ള കൈതപ്പൊയിലിൽ തയ്യൽ തൊഴിലാളിയാണ് അച്ഛൻ ചന്ദ്രൻ. ലാബ് ടെക്നീഷ്യൻ ആയിരുന്ന അമ്മ സരിത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ആറാം ക്ലാസിൽ പഠിക്കുന്ന അഭിനന്ദ് സഹോദരനും നാലാം ക്ലാസിൽ പഠിക്കുന്ന ആര്യനന്ദ സഹോദരിയുമാണ്.
Published by: Joys Joy
First published: October 14, 2020, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories