ശ്രീകല തിരക്കിലാണ്; കെഎസ്ആർടിസിയിലെ ഏകവനിതാ പെയിന്റർ
- Published by:Rajesh V
- news18-malayalam
Last Updated:
150 പെയിന്റര്‍മാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. അതിലെ ഏക വനിതയാണ് ശ്രീകല
തിരുവനന്തപുരം: സമരങ്ങളിലും പരാധീനതകളിലും മുങ്ങുന്ന കെഎസ്ആര്‍ടിസിയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ ജോലി ചെയ്യുകയാണ് ഏക വനിത പെയിന്ററായ ശ്രീകല. ഡ്രൈവറും കണ്ടക്ടറുമായി നിരവധി വനിതകള്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടെങ്കിലും പെയിന്ററായി ശ്രീകല മാത്രമേ ഉള്ളു. നെടുമങ്ങാട് പേരില സ്വദേശിനിയാണ് ശ്രീകല.
കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ വനിത പെയിന്ററാണ് ശ്രീകല. കഴിഞ്ഞ പത്ത് വര്‍ഷമായി ബസുകള്‍ ചായം പൂശി വെടിപ്പാക്കുന്ന ജോലി ചെയ്യുകയാണിവര്‍. 150 പെയിന്റര്‍മാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. അതിലെ ഏക വനിതയാണ് ശ്രീകല. 1965ല്‍ രൂപീകൃതമായ കെഎസ്ആര്‍ടിസിയില്‍ ആദ്യ കാലങ്ങളില്‍ ഓഫീസ് ജോലികള്‍ മാത്രമാണ് വനിതകള്‍ ചെയ്തിരുന്നത്.
ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനികല്‍, പെയിന്റര്‍ ജോലികളില്‍ പുരുഷന്മാര്‍ മാത്രമായിരുന്നു. കാലക്രമേണ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നീ മേഖലകളും സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇപ്പോള്‍ കെഎസ്ആര്‍ടിസിയിലെ വനിതാ പെയിന്ററുടെ വിവരങ്ങളും പുറത്ത് വരികയാണ്.
advertisement
ഒമ്പത് വര്‍ഷം പാപ്പനംകോട് സെന്‍ട്രല്‍ വർക്ക് ഷോപ്പ് ഗ്യാരേജിലാണ് ജോലി നോക്കിയത്. ഇപ്പോള്‍ കാട്ടാക്കട ഡിപ്പോയിലാണ് ശ്രീകല ജോലി ചെയ്യുന്നത്. തനിക്ക് ചെയ്യാന്‍ സാധിക്കാത്ത ജോലികളില്‍ സഹപ്രവര്‍ത്തകര്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഒന്നടങ്കം വനിത എന്ന നിലയില്‍ മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ശ്രീകല പറയുന്നു.
ബസുകളുടെ ബോഡി ബോര്‍ഡര്‍ പെയിന്റിംഗാണ് കൂടുതല്‍ ചെയ്യുന്നത്. സ്ത്രീകള്‍ ഏത് ജോലിയും ചെയ്യാന്‍ തയ്യാറാകണമെന്നാണ് ശ്രീകലയുടെ നിലപാട്. ചാക്ക ഗവണ്‍മെന്റ് ഐടിഐ പെയിന്റിംഗ് ഇന്‍സ്ട്രകറായ ഭര്‍ത്താവ് അജികുമാറിന്റെ പ്രോത്സാഹനം കൊണ്ടാണ് ഈ ജോലി തിരഞ്ഞെടുക്കാന്‍ സാധിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അമൃത ലക്ഷ്മിയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശിവലക്ഷ്മിയും മക്കളാണ്.
advertisement
ഗ്യാരേജായതിനാൽ പുറത്ത് നിന്നുള്ള ആർക്കും ഉള്ളിലേക്ക് പ്രവേശനമില്ല. അതാണ് ഇങ്ങനെ ഒരു ജോലിയിൽ വനിത ഉണ്ടെന്ന വിവരം അറിയാൻ വൈകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 20, 2025 4:24 PM IST