അമേരിക്കയിലെ ഉന്നത പോലീസ് അധികാരിയായി കോട്ടയംകാരൻ മൈക്കിൾ കുരുവിള
- Published by:user_57
- news18-malayalam
Last Updated:
കുരുവിളയുടെ പിതാവ് കോട്ടയം മാങ്ങാനം സ്വദേശിയും അമ്മ ആലപ്പുഴയിലെ കൊല്ലക്കടവിൽ നിന്നുമാണ്
കോട്ടയം: അമേരിക്കയിൽ പോലീസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് ഒരു കോട്ടയംകാരൻ. ഇന്ത്യൻ വംശജനായ മൈക്കൽ കുരുവിള ജൂലൈ 12 ന് യുഎസിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോ നഗരപ്രാന്തമായ ബ്രൂക്ക്ഫീൽഡിലെ പോലീസ് വിഭാഗത്തിന്റെ തലവനാകാൻ ഒരുങ്ങുന്നു.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2006 ലാണ് മൈക്കിൾ പോലീസ് സേനയിൽ ചേർന്നത്. നിലവിൽ അവിടെ ഡെപ്യൂട്ടി ചീഫാണ് ഈ 38 കാരൻ. തന്റെ വിദ്യാഭ്യാസ പശ്ചാത്തലം തന്റെ നിയമ നിർവ്വഹണ ജീവിതത്തിന് വിലമതിക്കാനാവാത്ത സ്വത്താണെന്ന് കുരുവിള പറഞ്ഞു. ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ഇദ്ദേഹം സാമൂഹ്യപ്രവർത്തനത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
കുരുവിളയുടെ പിതാവ് കോട്ടയം മാങ്ങാനം സ്വദേശിയും അമ്മ ആലപ്പുഴയിലെ കൊല്ലക്കടവിൽ നിന്നുമാണ്. “എന്റെ പിതാവ് മുതിർന്ന ശേഷം യുഎസിൽ വന്നു. അപ്പോൾ അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു, അതിനാൽ അമേരിക്കയിലേക്ക് കുടിയേറാനുള്ള മാർഗവും ലഭിച്ചു. എന്റെ പിതാവ് അക്കൗണ്ടിങ്ങിൽ ബിരുദം നേടി നിരവധി കമ്പനികളിൽ അക്കൗണ്ടന്റായി ജോലി നോക്കി. എന്റെ അമ്മയും ഹൈസ്കൂൾ കാലഘട്ടത്തിൽ യുഎസിലേക്ക് വന്നു. അമ്മയുടെ അമ്മ നഴ്സായി യുഎസിലേക്ക് കുടിയേറിയ ആളാണ്. തുടർന്ന് കുടുംബത്തിലെ മറ്റുള്ളവരെയും ഇങ്ങോട്ട് കൊണ്ടുവന്നു. എന്റെ അമ്മ ഫാർമസിയിൽ ബിരുദം നേടിയ വ്യക്തിയാണ്, ” കുരുവിള ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
“എന്റെ മാതാപിതാക്കളെ അവരുടെ കുടുംബാംഗങ്ങൾ ആണ് പരിചയപ്പെടുത്തിയത്. അവർ യുഎസിൽ വിവാഹിതരായി, അവരുടെ കുടുംബത്തെ പരിപാലിച്ചു. കുട്ടിക്കാലത്ത് ഏകദേശം 4-5 വർഷത്തിലൊരിക്കൽ ഞാൻ കേരളത്തിലേക്ക് പോയിരുന്നു. എന്നാൽ മുതിർന്ന ശേഷം കുടുംബവുമായി തിരക്കിലായപ്പോൾ, നിർഭാഗ്യവശാൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സമയവും അവസരവും പരിമിതമാണ്. ഞാൻ ഇന്ത്യയിലേക്കുള്ള അവസാന യാത്ര നടത്തിയത് 2013 ൽ എന്റെ ഭാര്യ സിബിലും ഞങ്ങളുടെ മൂത്തമകൻ സാമുവലിനുമൊപ്പമായിരുന്നു. ഒരിക്കൽ എന്റെ കുടുംബത്തെ മുഴുവൻ അവിടേക്ക് കൊണ്ടുപോകാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കുരുവിള കൂട്ടിച്ചേർത്തു.
advertisement
കുരുവിളയുടെ ഭാര്യ സിബിൽ കോട്ടയം ജില്ലയിലെ മട്ടക്കര സ്വദേശിയാണ്. ഡൗൺടൗൺ ചിക്കാഗോയിൽ നിന്നും 13 മൈൽ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബ്രൂക്ക്‌ഫീൽഡ് നഗരത്തെയും സബർബൻ ജീവിതത്തെയും സമന്വയിപ്പിക്കുന്ന ഒരു നഗരപ്രാന്തമാണ്.
Summary: Michael Kuruvilla, an Indian descent with origins in Kerala, is being posted as the chief of police in the police department of Brookfield, a Chicago suburb in Illinois. Michael has his paternal roots in Kottayam and maternal family is from Alappuzha district. The 38-year-old is a resident in the US
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 04, 2021 5:20 PM IST







