തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റ് 29 രൂപയിൽ നിന്ന് 30 ആക്കി. 24 രൂപയായിരുന്ന മിൽമ സ്മാർട്ടിന്റെ വില 25 രൂപയാകും. വിലയും ഗുണനിലവാരവും ഏകീകരിക്കുന്ന റീ പൊസിഷനിങ്ങിന്റെ ഭാഗമായാണ് വിലവർധന. എന്നാൽ, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം.
നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു. മിൽമയുടെ ആകെ വിൽപ്പനയുടെ അഞ്ചു ശതമാനം മാത്രമാണ് റിച്ചിനുള്ളത്. വിലവർധന നാളെ പ്രാബല്യത്തിൽ വരും.
സർക്കാരിനെയും ഏജന്റുമാരെയും അറിയിക്കാതെയാണ് മിൽമ വില വർദ്ധിപ്പിച്ചത്. മിൽമ പാൽ വില വർദ്ധിപ്പിച്ചത് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. എജന്റുമാരും ഹോട്ടലുടമകളും പാൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിലവർധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കില്ലെന്നും പരാതി ഉയരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Milma, Milma Milk