'മറക്കാനാവില്ല കോവിഡ് കാലം'; കോവിഡ് അനുഭവം പങ്കുവെച്ച്‌ മന്ത്രി എ.കെ ബാലന്‍

Last Updated:

കോവിഡ് പിടിപെട്ടപ്പോഴും തു‌ടർന്നുള്ള ചികിത്സയും ക്വറന്‍റീൻ സമയത്തെ അനുഭവങ്ങളും പങ്കുവെക്കുകയാണ് സാംസ്കാരിക മന്ത്രി എ.കെ ബാലൻ

കോവിഡ് പിടിപെട്ടപ്പോഴും തു‌ടർന്നുള്ള ചികിത്സയും ക്വറന്‍റീൻ സമയത്തെ അനുഭവങ്ങളും എല്ലാം പങ്കുവെക്കുകയാണ് സാംസ്കാരിക മന്ത്രി എ.കെ ബാലൻ. കോവിഡ് സ്ഥിരീകരിച്ചത് മുതൽ ഭേദമായത് വരെയുള്ള സംഭവങ്ങളാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
എ.കെ ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
മറക്കാനാവില്ല കോവിഡ് കാലം
പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും പങ്കെടുക്കുന്നതിന് ജനുവരി 3 ാം തീയ്യതി തിരുവനന്തപുരത്ത് നിന്നും ഞാന്‍ പാലക്കാടേക്ക് തിരിച്ചു. 5 ാം തീയ്യതി ഒരു വരണ്ട ചുമ തുടങ്ങി. അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. 6 ാം തീയ്യതി രാവിലെ മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ കുഴഞ്ഞുവീണുപോയി. കുടെയുണ്ടായിരുന്ന ഗണ്‍മാന്‍ സനിത്ത്, ഡ്രൈവര്‍ സജീവന്‍ എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
advertisement
പനി, ശ്വാസതടസ്സം തുടങ്ങി മറ്റ് കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവായിരുന്നു. ഐസിയുവില്‍ അഡ്മിറ്റാക്കി ഓക്സിജന്‍ നല്‍കുന്നതിനോടൊപ്പം തന്നെ മറ്റ് പരിശോധനകളും നടത്തുകയുണ്ടായി. ഇതിനിടയില്‍ ബഹു. മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഇടപെടലും ഉണ്ടായി. ജില്ലാ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ചീഫ് ഡോ. അരവിന്ദുമായി ചര്‍ച്ച ചെയ്ത് 'റെഡിസിവിര്‍' ഉള്‍പ്പെടെയുള്ള മരുന്നുകള്‍ തുടങ്ങാന്‍ തീരുമാനമായി. അന്ന് വൈകുന്നേരത്തോട് കൂടി ഓക്സിജന്‍റെ അളവ് സാധാരണ നിലയിലെത്തി. തുടര്‍ന്നുള്ള ആശുപത്രി ദിനങ്ങള്‍ ഒരു വലിയ അനുഭവം തന്നെയായിരുന്നു.
advertisement
കടുത്ത ചുമ, കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ ക്ഷീണം, ഉറക്കമില്ലായ്മ, രുചി അറിയാന്‍ കഴിയുന്നില്ല എന്നിവയായിരുന്നു ഏറ്റവും അലട്ടിയിരുന്നത്. ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞുവന്നെങ്കിലും ആന്‍റിജന്‍ ടെസ്റ്റ് 10 ാം ദിവസം, 12 ാം ദിവസം, 14 ാം ദിവസം എല്ലാം പോസിറ്റീവ് തന്നെ. ആന്‍റിജന്‍ പോസിറ്റീവ് ആയി തുടരുന്നതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നി. 16 ാം ദിവസമാണ് ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയത്. അങ്ങനെ നീണ്ട 17 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ജനുവരി 23 ാം തീയ്യതി ഡിസ്ചാര്‍ജ് ആയി.
advertisement
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. സോന (ഫിസിഷ്യന്‍), ഡോ. എം എ സിയാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. കൃഷ്ണദാസ് (നെഫ്രോളജിസ്റ്റ്), ഡോ. അശ്വിന്‍ (ഫിസിഷ്യന്‍) എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. കൂടാതെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡോ. ശ്രീറാം, ഡോ. അശ്വതി, ഡോ. കിരണ്‍, ഡോ. ഹസീന, ഡോ. അബി, ഡോ. ശ്രീജിത്ത്, ജില്ലാ ആശുപത്രിയിലെ ഡോ. ശ്രീറാം, ഡോ. ദിവ്യ എന്നിവരും ടീമില്‍ ഉണ്ടായിരുന്നു. സോന, റജി, ദീപ തുടങ്ങി ഒരുസംഘം നഴ്സുമാരും സദാ സേവന സന്നദ്ധരായി ചികിത്സയുടെ ഭാഗമായി. എല്ലാവരുടെയും പേര് ഇവിടെ കുറിക്കുക അസാദ്ധ്യമായതിനാല്‍ ഓരോരുത്തരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. ഭൂരിഭാഗം ഡോക്ടര്‍മാരും നഴ്സുമാരും ദീര്‍ഘകാലം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയും സൂപ്രണ്ടുമായിരുന്ന എന്‍റെ ഭാര്യ ഡോ. ജമീലയുടെ സഹപ്രവര്‍ത്തകരും സഹൃത്തുക്കളുമാണ്. ഇവര്‍ക്കെല്ലാം നേതൃത്വം കൊടുത്തുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്തയും ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവിയും ഒപ്പം നിന്നു.
advertisement
എനിക്ക് കോവിഡ് പിടിപെടാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയങ്ങളില്‍. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും പിടിപെട്ടപ്പോഴും എങ്ങനെ രക്ഷപ്പെട്ടു എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ എനിക്ക് എങ്ങനെയാണ് അണുബാധ ഉണ്ടായതെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവരും സുഹൃത്തുക്കളും സഹപാഠികളും അഭ്യുദയകാംക്ഷികളും ഉദ്യോഗസ്ഥരും ഒക്കെ രോഗവിവരങ്ങള്‍ അന്വേഷിച്ച് വിളിക്കുന്നുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ എനിക്ക് അവരോടൊന്നും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്നുപോലും എന്നോടുള്ള സ്നേഹവും കരുതലും മനസ്സിലാക്കാന്‍ ഈ അവസരം നിമിത്തമായി.
advertisement
സാധാരണ രോഗികള്‍ അഡ്മിറ്റായാല്‍ എത്രയും വേഗം വീട്ടിലെത്താന്‍ ധൃതിയാണ്. എന്നാല്‍ എന്‍റെ അനുഭവം മറിച്ചാണ്. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ചുമതലയുള്ള ഓരോരുത്തരും എന്നെ ശുശ്രൂഷിച്ചത്. അതേസമയം തന്നെ കോവിഡ് പകരാതിരിക്കാന്‍ അവര്‍ കാട്ടിയ ജാഗ്രതയും ശ്രദ്ധേയമാണ്. കോവിഡ് രോഗിയെ പരിചരിക്കുമ്പോള്‍ യാതൊരു മാനസിക വിഷമവും അവര്‍ക്ക് ഉണ്ടായിരുന്നില്ല. ആശുപത്രി വിടുമ്പോള്‍ ഒരു കുടുംബാംഗം ദൂരെയാത്രയ്ക്ക് പോകുന്നത് പോലെയാണ് അവര്‍ യാത്രയയപ്പ് നല്‍കിയത്. ഒരു മന്ത്രി എന്ന നിലയില്‍ എനിക്ക് മാത്രമല്ല, എനിക്ക് മുന്‍പ് അവിടെ കോവിഡ് ചികിത്സയ്ക്ക് വിധേയരായ പൊതുപ്രവര്‍ത്തകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്.
advertisement
രോഗക്കിടക്കയിലാണെങ്കിലും ആശുപത്രിയില്‍ പൂര്‍ത്തീകരിക്കാനുള്ള ചില വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതില്‍ പ്രധാനമാണ് ട്രോമാകെയര്‍ പദ്ധതി. ഉദ്ഘാടനം കഴിഞ്ഞെങ്കിലും അത് രോഗികള്‍ക്ക് പ്രയോജനപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് ട്രോമകെയര്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സജ്ജമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എടുക്കും എന്ന് മനസ്സിലുറപ്പിച്ചാണ് ആശുപത്രി വിട്ടത്. മറ്റൊരു ഔദ്യോഗിക തീരുമാനം എടുത്തത് പാലക്കാട് മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക്, മെഡിക്കല്‍ വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം സംബന്ധിച്ചാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും ഡയറക്ടറും സൂപ്രണ്ടും മറ്റും പിപിഇ കിറ്റ് ധരിച്ച് വന്ന് ചര്‍ച്ച ചെയ്യുകയും മുഖ്യമന്ത്രിയുടെ സൗകര്യം കൂടി നോക്കി ഫെബ്രുവരി നാലാം തീയ്യതി ചടങ്ങ് നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തു.
അതിര്‍ത്തി ജില്ല, ആദിവാസി മേഖല തുടങ്ങിയ പ്രത്യേകതകള്‍ ഉള്ള പാലക്കാട് ജില്ല കോവിഡിന്‍റെ ആരംഭം മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ ബാലമുരളി, എസ് പി ശിവറാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ വലിയ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. തുടക്കം മുതല്‍ തന്നെ കളക്ടറേറ്റില്‍ വെച്ച് ഞാന്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി അവലോകനം ചെയ്തുവരികയാണ്. ഇടക്കാലത്ത് ജനങ്ങളില്‍ ഉണ്ടായ ജാഗ്രതക്കുറവ് കാരണം വ്യാപനത്തോത് വര്‍ദ്ധിക്കുന്നത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. "ഈഗോ" ബോധത്തിന് അതീതമായ മാനസിക ഐക്യത്തോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞു.
മറക്കാനാവില്ല കോവിഡ് കാലം

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും പങ്കെടുക്കുന്നതിന് ജനുവരി 3 ാം...

Posted by A.K Balan on Monday, January 25, 2021
രോഗപ്രതിരോധം, ടെസ്റ്റിംഗ്, ക്വാറൈന്‍ടീന്‍, മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഒരുക്കല്‍ എന്നിവ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവ ശേഷിയും കുറവുള്ള ഒരു അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാടിനെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. തമിഴ് നാട്ടില്‍ കോവിഡ് വ്യാപകമായപ്പോള്‍ അതിര്‍ത്തികളായ വാളയാര്‍, ആനക്കട്ടി വഴികളിലൂടെയുള്ള പാലക്കാട് ജില്ലയിലെ ജനങ്ങളുടെ വരവിനെ നിയന്ത്രിച്ചത് മാതൃകാപരമായിരുന്നു. എല്ലാ പ്രതിസന്ധികളെയും നേരിട്ട് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് വ്യാപനം കൂടിയപ്പോള്‍ പോലും മരണത്തിന് വിട്ടുകൊടുക്കാതെ ധാരാളം രോഗികളെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞത്. രോഗിയായപ്പോള്‍ എനിക്കത് നേരിട്ട് ബോധ്യപ്പെട്ടു.
കളക്ടര്‍ ബാലമുരളിയും എസ് പി ശിവ വിക്രം ഈ അടുത്ത ദിവസങ്ങളില്‍ സ്ഥംലം മാറി പോയി. രണ്ട് പേരും പാലക്കാട് വിടുമ്പോള്‍ എന്നെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഇവരോടൊപ്പമുള്ള കോവിഡ് റിവ്യൂ പത്രസമ്മേളനങ്ങളും ഒരനുഭവമായിരുന്നു. അവര്‍ നടത്തിയ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അതേരിതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പുതിയ ജില്ലാ ഭരണനേതൃത്വം ശ്രദ്ധിക്കണം. മുന്‍കാലങ്ങളിലെ മാതൃകയുടെ തുടര്‍ച്ചയുണ്ടാകണം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മറക്കാനാവില്ല കോവിഡ് കാലം'; കോവിഡ് അനുഭവം പങ്കുവെച്ച്‌ മന്ത്രി എ.കെ ബാലന്‍
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement