വയനാട്: കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസി (സാലു) ന്റെ വീട്ടിലെത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി. ആശ്വാസിപ്പിക്കാനെത്തിയ മന്ത്രിക്ക് മുന്നിൽ സങ്കടത്തിന്റെ കെട്ടഴിച്ച് മകൾ സോന. പരിക്കേറ്റു വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഇവർ അനുഭവിച്ച ദുരവസ്ഥയും സോന പങ്കുവച്ചു.
‘അവിടെ നല്ല ഡോക്ടറോ നഴ്‌സോ ഒന്നുമുണ്ടായിരുന്നില്ല. ആംബുലൻസ്‌പോലും കിട്ടിയില്ല. മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ചതല്ലാതെ അവിടെ മറ്റെന്തുണ്ട്? എന്റെ ചാച്ചനോ പോയി…ഇനി ആർക്കും ഈ ഗതി വരരുത് സാർ’- തൊഴുകൈയോടെ കരഞ്ഞു കൊണ്ടാണ് സോന മന്ത്രിയുമായി സംസാരിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതികൾ മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. തോമസിന്റെ കുടുംബത്തിനു നഷ്ടപരിഹാരത്തുകയായ പത്തു ലക്ഷം രൂപ മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രമ്യാ രാഘവൻ തോമസിന്റെ ഭാര്യ സിനി തോമസിന് കൈമാറി.
വ്യാഴാഴ്ച രാവിലെ വീടിനുസമീപത്തെ തോട്ടത്തിൽവെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. വലതുകാലിന്റെ തുടയിൽ സാരമായി പരിക്കേറ്റ തോമസിനെ കാർഡിയോ വാസ്കുലാർ സർജൻ ഇല്ലാത്തതിനാൽ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെത്തുടർന്ന് കല്പറ്റ ജനറൽ ആശുപത്രിയിലും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്തിയിട്ട് രണ്ടുവർഷം പിന്നിട്ടെങ്കിലും വേണ്ട സൗകര്യങ്ങൾ ഇവിടെയില്ലെന്ന ആക്ഷേപം പരക്കെയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.