'കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയത് കൂട്ടുകച്ചവട കരാർ; മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകും': മന്ത്രി കെ ടി ജലീൽ

Last Updated:

കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീര്‍ തിരൂരങ്ങാടിയില്‍. ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാരും ആക്കുമെന്നാണ് ധാരണയെന്നും ജലീൽ പറഞ്ഞു.

തിരുവനന്തപുരം: ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം മുനീറും മജീദുമായി നടത്തിയ കൂട്ടുക്കച്ചവടമാണെന്ന് മന്ത്രി കെ ടി ജലീല്‍. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീര്‍ തിരൂരങ്ങാടിയില്‍. ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാരും ആക്കുമെന്നാണ് ധാരണയെന്നും ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ടി ജലീലിന്റെ പ്രതികരണം.
സാധാരണ പാണക്കാട് തങ്ങന്‍മാരുടെ സാന്നിധ്യത്തിലാണ് ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നത്. പടച്ചവനെയും നാട്ടുകാരെയും പേടിയില്ലാത്തവര്‍ക്ക് എന്തുമാകാമല്ലോയെന്നും ജലീല്‍ ചോദിച്ചു.
advertisement
ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പുലിയല്ല, പുപ്പുലിയാണ്
-------------------------------
2006 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ ചിത്രസഹിതം മലപ്പുറത്തെങ്ങും ഉയന്നുകണ്ട ഒരു ഫ്ലക്സ് ബോഡുണ്ട്: "യെവൻ പുലിയാണ് കെട്ടാ". അന്ന് അന്തമില്ലാത്ത ലീഗണികൾക്ക് കുഞ്ഞാപ്പ പുലിയായിരുന്നു. വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത്തരക്കാർക്ക് അദ്ദേഹം പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്.
കുഞ്ഞാപ്പ പുലിയായ 2006 ലെ തെരഞ്ഞെടുപ്പിലാണ് കുറ്റിപ്പുറത്ത് അദ്ദേഹം അടിതെറ്റി കെണിയിൽ വീണത്. "അഹമ്മതി" (പോക്കിരിത്തരം) കൂടിയപ്പോൾ സമുദായം കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റ്. രണ്ടക്കം തികക്കാനാകാതെ നിയമസഭയിൽ അന്ന് ലീഗ് നാണംകെട്ടത് നേതാക്കൻമാർ ഇത്ര പെട്ടന്ന് മറന്നോ?
advertisement
കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയ കൂട്ടുകച്ചവട കരാറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീർ തിരൂരങ്ങാടിയിൽ. മുനീറും മജീദും വഹാബും മന്ത്രിമാർ. സാധാരണ പാണക്കാട് തങ്ങൻമാരുടെ സാന്നിദ്ധ്യത്തിലാണ് ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപിക്കാറ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നത്. പടച്ചവനെയും നാട്ടുകാരെയും പേടിയില്ലാത്തവർക്ക് എന്തുമാകാമല്ലോ?
"ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന പഴമൊഴി അക്ഷരാർത്ഥത്തിൽ ലീഗിൽ അന്വർത്ഥമാവുകയാണ്. മൂന്ന് തവണ ജനപ്രതിനിധികളായ പ്രാദേശിക നേതാക്കൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര നിരോധം ഏർപ്പെടുത്തുകയും, കർശനമായി അത് നടപ്പിലാക്കുകയും ചെയ്ത അതേ ലീഗ് നേതൃത്വം തന്നെയാണ്, പാർട്ടിയിലെ വമ്പൻമാരായ വരേണ്യർക്ക് 'ഓണം ബമ്പർ' പ്രഖ്യാപിച്ചിരിക്കുന്നത്. അവനവന്റെ കാര്യത്തിന് ഉലക്ക ചരിച്ചിടുന്നത് തെറ്റാണെന്ന് പറയുന്നതാണല്ലോ ലീഗ് രാഷ്ട്രീയത്തിൽ എന്നും തെറ്റ് !!!
advertisement
ലീഗിലെ ജീർണ്ണതകളെ പരിഹാസവും വിമർശനവും ചേർത്ത് രൂക്ഷമായി എതിർക്കാറുള്ള 'മാധ്യമ'ത്തെയും 'മീഡിയവണ്ണി'നെയും നിശബ്ദമാക്കാനുളള കുഞ്ഞാപ്പയുടെ തന്ത്രമായിരുന്നു വെൽഫെയർ പാർട്ടിയുമായുള്ള ലീഗിന്റെ 'രാഷട്രീയസംബന്ധ'മെന്ന് അക്ഷരം കൂട്ടിവായിക്കാനറിയുന്നവർ അന്നേ അടക്കം പറഞ്ഞിരുന്നു. ഇരുഭാഗത്തുമുള്ള നിഷ്കളങ്കർക്ക് ഇനിയുമത് ബോധ്യമായിട്ടില്ലെങ്കിൽ ഇന്നത്തെ മാധ്യമം പത്രത്തിലെ തത്സംബന്ധമായ വാർത്തകളും ചിത്രങ്ങളും ശ്രദ്ധിച്ചാൽമതി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാപ്പ പുപ്പുലിയാകുമ്പോൾ, നഷ്ടം മുസ്ലിംലീഗ് പാർട്ടിക്ക് മാത്രമാവില്ല, യുഡിഎഫിന് മൊത്തത്തിലാകും. മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകുമെന്ന് ചുരുക്കം. മുസ്ലിംലീഗിന്റെ കുഞ്ചിരാമൻ കളിക്ക് മലപ്പുറത്ത് പോലും ആളെക്കിട്ടുമോ എന്ന് കണ്ടറിയണം. ഇപ്പോഴല്ല, പണ്ട് ഉവൈസിയുടെ ഇത്തിഹാദുൽ മുസ്ലിമീൻ "ഹൈദരബാദ്" പാർട്ടിയായി അറിയപ്പെട്ടതുപോലെ 'മലപ്പുറം' പാർട്ടിയായി വരുംകാല ചരിത്രത്തിൽ ലീഗും ഇടംനേടും.'വിനാശ കാലേ വിപരീത ബുദ്ധി' എന്നല്ലാതെ മറ്റെന്തു പറയാൻ!
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയത് കൂട്ടുകച്ചവട കരാർ; മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകും': മന്ത്രി കെ ടി ജലീൽ
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement