തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തരാണെണെന്ന് അറിയാമെന്നും നിങ്ങൾക്കായി ഇടതുപക്ഷത്തിന്റെ വാതിൽ എന്നും തുറന്നിട്ടിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണെന്നും മുഹമ്മദ് റിയാസ് പറയുന്നു.
Also Read- കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ
കുറിപ്പിന്റെ പൂർണരൂപം
1.എസ്എം കൃഷ്ണ (കർണാടക), 2.ദിഗംബർ കാമത്ത് (ഗോവ), 3.വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്), 4.എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), 5.പ്രേമ ഖണ്ഡു (അരുണാചൽ പ്രദേശ് ), 6.ബിരേൻ സിംഗ് ( മണിപ്പൂർ), 7.ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്) 8. എൻ കിരൺ കുമാർ റെഡ്ഢി (ആന്ധ്രാ പ്രദേശ്)
കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റാണിത്. അവിഭക്ത ആന്ധ്രാ പ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഢിയുടെ കൂറുമാറ്റത്തോടെ ഈ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം 8 ആയിരിക്കുകയാണ്.
കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത. നാൽപ്പതോളം സഖാക്കളാണ് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മാത്രം സംഘിപരിവാറിനാൽ കേരളത്തിൽ കൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസ്സുകൾ നിരവധിയാണെന്നറിയാം. ബി ജെ പി വിരുദ്ധ പോരാട്ടത്തിൽ,കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ നിങ്ങൾ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Minister Muhammad Riyas