'കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നത് കേരള പാരമ്പര്യം'; ഹിജാബ് ധരിച്ച കുട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
കേരളത്തിൽ ജനിച്ചതിൽ അഭിമാനമുണ്ടെന്നാണ് നിരവധി പേർ കമന്റിലൂടെ അറിയിച്ചത്
തിരുവനന്തപുരം: പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാർഥിനിക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിലപാട് വ്യക്തമാക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. "കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിൻ്റെ പാരമ്പര്യം" എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ഹിജാബ് ധരിച്ച ഒരു കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
നേരത്തെയും സ്കൂൾ അധികൃതരുടെ നിലപാടിനെതിരെ മന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. "ശിരോവസ്ത്രം ധരിച്ച ടീച്ചർ, അത് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്. യൂണിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സർക്കാരിന് മറുപടി പറയേണ്ടത് ലീഗൽ അഡ്വൈസറല്ല. ചർച്ച ചെയ്ത് തീർക്കേണ്ട വിഷയം സ്കൂൾ അധികൃതർ വഷളാക്കി," എന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
‘കുട്ടി എന്ത് കാരണത്താലാണ് സ്കൂൾ വിട്ടുപോകുന്നതെന്നത് പരിശോധിക്കും. അതിന് കാരണക്കാരായവർ സർക്കാരിനോട് മറുപടി പറയേണ്ടിവരും. കുട്ടിക്ക് മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കൂ. ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം എത്രമാത്രമായിരിക്കും. അങ്ങനെ ഒരു കൊച്ചു കുട്ടിയോട് പെരുമാറാൻ പാടുണ്ടോ? സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഇത്തരത്തിൽ വഷളാക്കിയത്’ - മന്ത്രി വ്യക്തമാക്കി.
advertisement
അതേസമയം, ആർജവത്തോടെ നിലപാട് എടുത്ത മന്ത്രിയെ അഭിനന്ദിച്ച് നിരവധിപേരാണ് കമൻ്റ് ബോക്സിൽ എത്തുന്നത്. "ഈ അടുത്ത കാലത്തായി ആർജ്ജവത്തോടെ നിലപാട് എടുക്കുന്ന മികച്ച മന്ത്രിമാരിൽ ഒരാളായി ശിവൻകുട്ടി മാറിയെന്നും, കേരളത്തിൽ ജനിച്ചതിൽ അഭിമാനമുണ്ടെന്നും" പലരും അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 17, 2025 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നത് കേരള പാരമ്പര്യം'; ഹിജാബ് ധരിച്ച കുട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി