കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദ് - ലൗ ജിഹാദ് പരാമർശം സമൂഹത്തിൽ വലിയ ചര്‍ച്ചയ്ക്കാണ് കാരണമായത്. ഈ വിഷയത്തിൽ സർക്കാർ കാര്യമായി പ്രതികരിക്കുന്നില്ല എന്നുള്ള വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇന്നലെ സാമുദായിക സംഘടനാ നേതാക്കളുമായി നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പ് ഹൗസിലെത്തിയ നിർണായക ചർച്ചകൾ നടത്തിയത്.
രാവിലെ 11 മണിയോടെയാണ് മന്ത്രി വി എൻ വാസവൻ ബിഷപ്പ് ഹൗസിൽ എത്തിയത്. മുക്കാൽ മണിക്കൂറോളം സഹകരണമന്ത്രി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി. തുടർന്ന് പുറത്തെത്തിയ മന്ത്രി വാസവൻ കൂടികാഴ്ച സൗഹൃദത്തിൻ്റെ പേരിൽ ആണെന്ന് വ്യക്തമാക്കി. സർക്കാർ പ്രതിനിധിയായിട്ടല്ല എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമവായ ചര്‍ച്ചയെക്കുറിച്ച് സർക്കാർ ചിന്തിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ആ ചാപ്റ്റർ ക്ലോസ്ഡ് എന്നും വി എൻ വാസവൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്ന് മന്ത്രി പറഞ്ഞു. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം വളരെ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമം നടത്താൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി ആരോപിച്ചു. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടു മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാകാതിരുന്ന മന്ത്രി വി എൻ വാസവൻ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായ ശേഷം സഭയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലല്ലോ എന്നും ചോദിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും അതുകൊണ്ടുതന്നെ പിന്നീട് മറ്റ് പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാട് തന്നെയാണ് തനിക്ക് ഉള്ളത് എന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
Also Read-ലക്ഷദ്വീപ് ഭരണകൂടത്തിന് വിജയം, ഭരണ പരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളിസോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങൾ പാടില്ലന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു എന്ന് വാസവൻ പറയുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കാനാണ് സർക്കാർ തീരുമാനം.
തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത് എന്നും വി എൻ വാസവൻ കുറ്റപ്പെടുത്തി.ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടു. അസമാധാനത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ല എന്ന മുന്നറിയിപ്പും മന്ത്രി വി എൻ വാസവൻ നൽകുന്നു.
കോൺഗ്രസും ബിജെപിയും നടത്തുന്ന നീക്കങ്ങളെ രൂക്ഷ ഭാഷയിൽ വിമർശിക്കാനും മന്ത്രി വി എൻ വാസവൻ തയ്യാറായി. ദുരുദ്ദേശപരമായ നീക്കങ്ങളാണ് കോൺഗ്രസും ബിജെപിയും നടത്തുന്നതെന്ന് വി എൻ വാസവൻ ആരോപിച്ചു. കോൺഗ്രസിനെ എല്ലാം നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് എന്തും വിളിച്ചു പറയാവുന്ന സ്ഥിതിയാണ് ഉള്ളതെന്നും വി എൻ വാസവൻ പരിഹസിച്ചു. ഏതായാലും സർക്കാർ നീക്കത്തിനോട് സഭയുടെ പ്രതികരണം ലഭ്യമല്ല. എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് പറയുമ്പോൾ സഭയും ഇതിനോട് സഹകരിച്ചു എന്നാണ് മന്ത്രി നൽകുന്ന സൂചന.
കോൺഗ്രസ് നേതാക്കൾ സമവായ നീക്കങ്ങൾ ശക്തമാക്കിയതിനിടയിലാണ് മന്ത്രി വിഎസ് വാസവൻ പാലാ ബിഷപ്സ് ഹൗസിൽ എത്തിയത് എന്നാണ് ശ്രദ്ധേയം. ഈ വിഷയത്തിൽ ഏറെ പ്രതിസന്ധിയിലായിരുന്നു സർക്കാർ. ആ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂടിയുള്ള നീക്കമായാണ് വാസവന്റെ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.