ലക്ഷദ്വീപ് ഭരണകൂടത്തിന് വിജയം, ഭരണ പരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

Last Updated:

ഡയറി ഫാം അടച്ചു പൂട്ടൽ, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തളളിയത്. സർക്കാരിൻ്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അധികാര പരിമിതി ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടൽ, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തളളിയത്. സർക്കാരിൻ്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അധികാര പരിമിതി ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
ദ്വീപിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വിശദമായ വാദം  കേൾക്കലിൽ നയപരമായ കാര്യങ്ങളിൽ കോടതിയ്ക്ക് ഇടപെടാനാവില്ലെന്ന അഡ്മിനിസ്ട്രേഷൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവില്‍ നിന്ന് ​മാംസാഹാരം ഒഴിവാക്കിയതും ദ്വീപിലെ ഡയറി ഫാമുകള്‍ പൂട്ടി കന്നുകാലികളെ ലേലം ചെയ്യാനുള്ള ഉത്തരവും കഴിഞ്ഞ ജൂണിലായിരുന്നു ഹൈക്കോടതി സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയിലും ഭക്ഷണങ്ങളിലും ഇടപെടുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകന്‍ കൂടിയായ കവരത്തി സ്വദേശി അഡ്വ. ആര്‍ അജ്മല്‍ അഹമ്മദ് നല്‍കിയ ഹർജിയിലായിരുന്നു കോടതി നടപടി. സ്റ്റേയ്ക്കു പിന്നാലെ സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താനും ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുടരാനും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉത്തരവിറക്കി. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്കു ലഭിച്ച ഇടക്കാല ആശ്വാസം എന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അന്തിമ വിധിയിൽ വൻ തിരിച്ചടിയാണ് സമരസമിതിക്ക് ഉണ്ടായിരിക്കുന്നത്.
advertisement
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ കരട് നിയമത്തിന്റെ നടപടിക്രമങ്ങളിൽ പിഴവ്​  ഉണ്ടെന്ന്  ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം നല്‍കിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഭരണഘടനാപരമായ നടപടികളും പ്രീ ലെജിസ്ലേറ്റീവ് ഫോര്‍മാലിറ്റികളും പാലിക്കാതെയാണ് കരട് നിയമം ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.സർക്കാരിൻ്റെ നയപരമായ തീരുമാനമെന്നായിരുന്നു കേന്ദ്ര സർക്കാരും കോടതിയിൽ വിശദീകരണം നൽകിയത്.
‘ഒരു അക്കാദമിക് വര്‍ഷത്തെ കൂട്ടുപിടിച്ച് കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് സുപ്രധാനമായ ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ മാറ്റം കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല’; എന്നു പറഞ്ഞാണ് ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന്​ മാംസാഹാരം ഒഴിവാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത്. ദേശീയ ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള കുട്ടികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് മാംസാഹാരം എന്നായിരുന്നു ഹർജിക്കാരുടെ വാദം.
advertisement
കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മാംസാഹാരത്തിനുള്ള പ്രാധാന്യം അഡ്മിനിസ്ട്രേഷന്‍ യോഗത്തില്‍ ഫിസിഷ്യന്‍ ശരിവെച്ചിരുന്നെന്നും എന്നാല്‍ ഇത് അഡ്മിനിസ്ട്രേറ്റര്‍ പരിഗണിച്ചില്ലെന്നും കാണിക്കുന്ന യോഗത്തിന്റെ മിനുട്സും ഹർജിക്കാർ ഹാജരാക്കിയിരുന്നു. 2020-21 അക്കാദമിക് വര്‍ഷത്തേക്കുള്ള വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയില്‍ സ്‌കൂളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് പ്രാധാന്യമില്ലെന്നും എട്ടുവരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയാണ്​ ബജറ്റില്‍ ഉള്‍പ്പെട്ടതെന്നും ഒമ്പതുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ചെലവ്  2020-21 വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയില്‍ നിന്നാണ് കണ്ടെത്തുന്നതെന്നുമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം. ഈ സാഹചര്യത്തിലാണ് അക്കാദമിക് വര്‍ഷത്തിന്റെ കാര്യം പറഞ്ഞ് കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മാറ്റംവരുത്തുന്നതിനെ കോടതി വിമര്‍ശിച്ചത്.
advertisement
എന്നാൽ അന്തിമമായി അഡ്മിനിസ്ട്രേഷൻ്റെ വാദം കോടതി അംഗീകരിച്ചു. പഴവർഗങ്ങളും മറ്റും കൂടുതലായി കുട്ടികളുടെ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അഡ്മിനിസ്ട്രേഷൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിൽ പ്രവർത്തിച്ചു വരുന്നതിനാൽ ദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടുന്നു എന്നതായിരുന്നു ഡയറി ഫാമുകളുടെ അടച്ചുപൂട്ടലിൽ നൽകിയ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപ് ഭരണകൂടത്തിന് വിജയം, ഭരണ പരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
Next Article
advertisement
സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം
സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം
  • സിപിഎം കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അറിയിച്ചു.

  • സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതെ മടക്കിയതിനെ തുടർന്ന് സിപിഎം വീടിന്റെ നിർമാണം ആരംഭിക്കും.

  • വയോധികനായ കൊച്ചുവേലായുധന്റെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് അറിയിച്ചു.

View All
advertisement