'വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പരസ്യത്തിൽ എന്റെ പേര് ഒഴിവാക്കിയത് പിആർഡിയുടെ വീഴ്ച :'സി കെ ആശ MLA
- Published by:Vishnupriya S
- news18-malayalam
Last Updated:
ആഘോഷത്തിൽനിന്ന് തന്നെ അകറ്റിനിർത്തിയെന്ന പ്രചാരണം അവാസ്തവമാണെന്ന് സി.കെ.ആശ പ്രതികരിച്ചു
കോട്ടയം: വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പത്രപരസ്യത്തിൽ നിന്ന് തന്‍റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ പി ആർ ഡിയെ വിമർശിച്ച് സി.കെ. ആശ എം എൽ എ രംഗത്ത്. വീഴ്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ്. അക്കാര്യം ഗവൺമെന്ർറ് ശ്രദ്ധിക്കും.പരിപാടിയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആശ വിശദീകരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടു മുഖ്യമന്ത്രിമാർ ഒന്നിച്ചു ചേർത്ത നടത്തിയ ഉദ്ഘാടന സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറി. സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരങ്ങൾ നവോത്ഥാന മുന്നേറ്റത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കുവാനുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് മടങ്ങിപ്പോയത്. എന്നാൽ വൻ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളിൽ നിന്നും എന്നെ മനപ്പൂർവ്വം അകറ്റിനിർത്തി എന്ന രീതിയിലുള്ള പ്രചരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നത് ശ്രദ്ധയിൽപ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിത്.
advertisement
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷ ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും എന്നെ ഉൾപ്പെടുത്തുകയും എന്റെ കൂടി അഭിപ്രായം തേടികൊണ്ടാണ് സംസ്ഥാന ഗവൺമെന്റ് ഈ പരിപാടി നടത്തിയതും എന്ന കാര്യം അറിയാതെയാണ് പലരും പ്രതികരണത്തിന് തയ്യാറായത്. വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ കൺവീനർ എന്ന നിലയിൽ, സംസ്ഥാനതല ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ ശ്രീ സജി ചെറിയാൻ, ശ്രീ വി എൻ വാസവൻ എന്നീ മന്ത്രിമാർ സമ്മേളന നടത്തിപ്പിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടും എന്നെ അറിയിച്ചുകൊണ്ടും ആണ് ഉദ്ഘാടന പരിപാടി നടത്തിയത്. രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും എല്ലാം പങ്കെടുത്ത ഒരു പരിപാടിയിൽ അർഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎൽഎ എന്ന നിലയിൽ എനിക്ക് ലഭിച്ചത്.
advertisement
ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്. വളരെ പ്രധാനപ്പെട്ട ഈയൊരു കാര്യം പലരുടെയും ശ്രദ്ധയിൽ പെടാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല.പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളിൽ കോട്ടയം എംപിയുടേയും വൈക്കം എംഎൽഎയുടേയും പേരോ ഫോട്ടോയോ ഉൾപ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്. ആ പരസ്യം നൽകിയത് പിആർഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തിൽ അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗവൺമെന്റ് ശ്രദ്ധിക്കും എന്ന് ഉറപ്പുണ്ട്.
advertisement
തെറ്റിദ്ധാരണകൾ മാറ്റി നൂറാം വാർഷികാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ നിന്നും ലഭിച്ച ആവേശം ഉൾക്കൊണ്ടുകൊണ്ട് എൽഡിഎഫ് സർക്കാരിനൊപ്പം നവോത്ഥാന മുന്നേറ്റങ്ങളിൽ പങ്കാളികളാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Vaikom,Kottayam,Kerala
First Published :
April 02, 2023 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പരസ്യത്തിൽ എന്റെ പേര് ഒഴിവാക്കിയത് പിആർഡിയുടെ വീഴ്ച :'സി കെ ആശ MLA


