• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monsoon in kerala| ജൂൺ 7 മുതൽ കാലവർഷം ശക്തമാകും; ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ കുറയുമെന്ന് പ്രവചനം

Monsoon in kerala| ജൂൺ 7 മുതൽ കാലവർഷം ശക്തമാകും; ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ കുറയുമെന്ന് പ്രവചനം

ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും.

  • Share this:
    കോഴിക്കോട്: നേരിയ തോതിൽ മഴയുണ്ടെങ്കിലും കേരളത്തിൽ കാലവർഷം (Monsoon) ഇനിയും ശക്തമായിട്ടില്ല. ഈ മാസം ഏഴിന് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.  കരയിൽ വ്യാപകമായി കയറാൻ പര്യാപ്തമായ നിലയിൽ പടിഞ്ഞാറൻ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് മൺസൂൺ ലഭ്യത കുറവിന് കാരണം.

    ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇതേ സ്ഥിതി ഈ മാസം ആറ് വരെ  തുടരും. ജൂൺ ഏഴ് മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും.

    ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകിയിരുന്നു.

    കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്.

    Also Read-മുട്ടിലിഴഞ്ഞ് വനംവകുപ്പ്; അന്വേഷണം നേരിട്ട ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്

    കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴ കാലവർഷത്തിന്റ ഭാഗമല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് കനത്തമഴക്ക് കാരണമായത്. കാലവർഷത്തിന്റെ ഭാഗമായി ഇടിയോടു കൂടിയുള്ള മഴയല്ല ഉണ്ടാവുക.

    രാത്രികാലങ്ങളിൽ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോൾ കേരളത്തിൽ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവർഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.

    തമിഴ്നാട്ടിലും മഴയുണ്ടാകും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമാണ്. അതിനാൽ അവിടെ ഇടക്കിടെ മഴ ശക്തമായി തുടരും. തെക്കു കിഴക്കൻ അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കൂടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നില്ല. ഈ സാഹചര്യത്തിന് അടുത്ത ദിവസങ്ങളിൽ മാറ്റം വരും. കടലിൽ കാലവർഷ പ്രതീതിയിൽ മഴ തുടരും. യു.എ.ഇയില്‍  ചിലയിടങ്ങളില്‍   ഇടിയോടെ മഴയ്ക്ക് സാധ്യത.കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍  ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ മഴയും കാറ്റും മിന്നലും ഉണ്ടാകാം.

    കിഴക്ക് ഭാഗം ഭാഗികമായി മേഘാവൃതവും ചില പ്രദേശങ്ങളില്‍ പൊടികാറ്റ് വീശാനും ഇടയാക്കുമെന്നും യു.എ. ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ ജൂണോടെ കടുത്ത ഉഷ്ണം ആരംഭിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോഴുള്ള സ്വാഭാവിക താപ സംവഹന മഴയാണ് ലഭിക്കുന്നതെന്നും വാഹനം ഓടിക്കുന്നവർ സുരക്ഷിത വേഗത പാലിക്കണമെന്നും ദൃശ്യപരതയെ മഴ ബാധിക്കാമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു.
    Published by:Naseeba TC
    First published: