കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അപരനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഇ.കെ രാഹുൽ ഗാന്ധിയുടെ വീട്ടുകാർ അറിഞ്ഞില്ല. മാധ്യമങ്ങളിൽ നിന്ന് ഇക്കാര്യം അറിഞ്ഞ് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് വന്നത്. കോട്ടയം എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിൽ അംഗമാണ് ഇ.കെ രാഹുൽ ഗാന്ധി. എന്നാൽ അമ്മ വൽസമ്മയോ രാഹുലിന്‍റെ സഹോദരൻ ഇ.കെ രാജിവ് ഗാന്ധിയോ ഇക്കാര്യം അറിഞ്ഞതേയില്ല.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെക്കുറിച്ച് രാഹുൽ ഒരുവാക്ക് പോലും പറഞ്ഞില്ലെന്ന് സഹോദരൻ രാജീവ് ഗാന്ധി പറഞ്ഞു. ബുധനാഴ്ച രാവിലെ മുതൽ വിളിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും രാജീവ് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും കഴിഞ്ഞ 31ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പിൽ പങ്കെടുക്കാൻ രാഹുൽ എത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു.
രാഹുൽ ഗാന്ധിക്ക് അപരൻമാർ രണ്ട്; വയനാടൻ അങ്കത്തിനിറങ്ങുന്നത് 23 പേർ
പിതാവ് കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്‍റെ പേരുകൾ കടമെടുത്ത് മക്കൾക്ക് നൽകിയത്. പിന്നീട് അച്ഛൻ ഇടതുപക്ഷത്തിലേക്ക് മാറിയെങ്കിലും മക്കളുടെ പേരിൽ മാറ്റമുണ്ടായില്ല. ഇരുവരുടെയും എല്ലാ രേഖകളിലും പേരുകൾ അങ്ങനെ തന്നയാണ്. തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ പി.എച്ച്.ഡി ചെയ്യുകയാണ് രാഹുൽ ഗാന്ധി. ഭാര്യ രഞ്ജിക്കും മകന്‍ സൈന്ധവുമായി തിരുവനന്തപുരത്താണ് രാഹുലിന്‍റെ താമസം.
സഹോദരൻ രാജീവ് ഗാന്ധി നാട്ടിൽ തന്നെയാണ്. കേറ്ററിങ് തൊഴിലാളിയാണ് രാജീവ്. അതേസമയം, രാഹുലിന് രാഷ്ട്രീയമില്ലെന്നും താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നും ഇ.കെ രാജീവ് ഗാന്ധി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.