200 ലേറെ പവൻ സ്വർണവും വീടും സ്ഥലവും നല്‍കി; 25 ദിവസം താമസിച്ച് ഉപേക്ഷിച്ചു' അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
"ഞങ്ങൾ സയനൈഡ് കഴിച്ച് മരിക്കുകയാണ്" എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ മകളുടെ വിവാഹബന്ധത്തിലുണ്ടായ തകർച്ചയും അതുണ്ടാക്കിയ അപമാനഭാരവുമാണെന്ന് സൂചനകൾ. കമലേശ്വരം സ്വദേശികളായ സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിലുള്ള കടുത്ത മനോവിഷമമാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഭർത്താവ് ഉപേക്ഷിച്ചുവെന്ന് സജിത മരിക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും പറയുന്നു.
"ഞങ്ങൾ സയനൈഡ് കഴിച്ച് മരിക്കുകയാണ്" എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ സോഫയിൽ പരസ്പരം കൈകൾ കോർത്തുപിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കലർത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സജിതയുടെ ഭർത്താവും റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന എൻ. രാജീവ് അടുത്തിടെയാണ് അന്തരിച്ചത്. ഇത് കുടുംബത്തെ കൂടുതൽ മാനസിക വിഷമത്തിലാക്കിയിരുന്നു.
ആറ് വർഷം മുൻപായിരുന്നു അയർലൻഡിൽ കോളേജ് അധ്യാപകനായ ബി.എം. ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹം നടന്നത്. 200 പവൻ സ്വർണ്ണവും വസ്തുവകകളും നൽകിയാണ് വിവാഹം നടത്തിയതെങ്കിലും കേവലം ഒരു മാസം പോലും ഇവർ ഒരുമിച്ച് താമസിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അടുത്തിടെ നാട്ടിലെത്തിയ ഉണ്ണികൃഷ്ണൻ വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചത് കുടുംബത്തെ വല്ലാതെ തളർത്തിയിരുന്നു. നിലവിൽ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
advertisement
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ദിശ ഹെൽപ്പ്‌ലൈൻ: 1056
മൈത്രി: 0484 2540501
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 22, 2026 9:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
200 ലേറെ പവൻ സ്വർണവും വീടും സ്ഥലവും നല്‍കി; 25 ദിവസം താമസിച്ച് ഉപേക്ഷിച്ചു' അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ










