കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് എൽഡിഫിന് വേണ്ടി പാലം വലിച്ചിരുന്നെന്ന് എം വി ഗോവിന്ദന്റെ വെളിപ്പെടുത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തുപരം: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി പ്രകാശിനെ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്റെ പരാമർശം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
'ഈ (യുഡിഎഫിലെ) സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് ശക്തി പകര്‍ന്നുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ആരാട്യന്‍ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോല്‍ക്കുകയും ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്. 'അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസിലും എരിയുമെന്ന' പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്' ഗോവിന്ദന്‍ ലേഖനത്തില്‍ കുറിച്ചു.
നിലമ്പൂരിലെ യുഡിഎഫ് ക്യാമ്പ് പ്രശ്‌നങ്ങളില്‍നിന്ന് പ്രശ്‌നങ്ങളിലേക്ക് വഴുതിമാറുമ്പോള്‍ എല്‍ഡിഎഫ് ഒത്തൊരുമയോടെ ഒറ്റമനസ്സായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുകയാണെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു. രണ്ടുദിവസത്തിനകം എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് വൈകിട്ട് നിലമ്പൂരില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം സജീവമാകും.
advertisement
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂര്‍ നിലനിര്‍ത്തുകതന്നെ ചെയ്യും. നേരത്തേ ചേലക്കരയില്‍ നേടിയതുപോലെ നിലമ്പൂരിലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കും. തുടര്‍ച്ചയായി മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാഹളമായിരിക്കും നിലമ്പൂരില്‍നിന്ന് ഉയരുകയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ സ്വാഭാവികമാണെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാന്‍ ഷൗക്കത്ത് പ്രതികരിച്ചു. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹത്തിന് തങ്ങളുടെ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ മറുപടി നല്‍കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nilambur,Malappuram,Kerala
First Published :
May 29, 2025 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് എൽഡിഫിന് വേണ്ടി പാലം വലിച്ചിരുന്നെന്ന് എം വി ഗോവിന്ദന്റെ വെളിപ്പെടുത്തൽ