Nipah Virus | കോഴിക്കോട് മരിച്ചവർക്ക് നിപ സ്ഥിരീകരിച്ചു; കേന്ദ്ര സംഘം സംസ്ഥാനത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്
കോഴിക്കോട്: പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി. കോഴിക്കോട്ടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർക്കാണ് നിപയെന്ന് സംശയിച്ച് ഇന്ന് രാവിലെ മുതൽ റിപ്പോർട്ടുകൾ വന്നത്. നിപ ബാധ സംശയിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. മരണത്തിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സാംപിൾ പരിശോധനയുടെ ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്.
advertisement
നിപ സംശയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയിൽ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
രോഗലക്ഷണങ്ങളുമായി നാലുപേരാണ് കോഴിക്കോട് ചികിത്സയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ഒമ്പത്, നാല് വയസ് വീതമുള്ള ആൺകുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
മരിച്ച ഒരാളുടേതടക്കമുള്ള സാംപിളുകള്‍ ഇന്നലെ രാത്രിയിലാണ് പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്. ഇന്ന് വൈകിട്ടോടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നിപ അവലോക യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
September 12, 2023 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus | കോഴിക്കോട് മരിച്ചവർക്ക് നിപ സ്ഥിരീകരിച്ചു; കേന്ദ്ര സംഘം സംസ്ഥാനത്ത്