ആത്മരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന ആദിവാസി കർഷകനെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനം
- Published by:Rajesh V
- news18-malayalam
Last Updated:
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഏറെ നേരം ഇദ്ദേഹം പുലിയുമായി മല്ലിടുകയും ഒടുവിൽ ആത്മരക്ഷാർത്ഥം വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു
കൃഷിയിടത്തിൽ തന്നെ ആക്രമിച്ച പുലിയെ വെട്ടിക്കൊലപ്പെടുത്തിയ ആദിവാസി കർഷകൻ ഗോപാലനെതിരെ കേസെടുക്കില്ല. വനംവകുപ്പ് പ്രദേശത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിന് ശേഷമാണ് തീരുമാനം. വനംമന്ത്രി എ കെ ശശീന്ദ്രനും ഇക്കാര്യം വ്യക്തമാക്കി. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.
ഗോപാലൻ ആത്മരക്ഷാർത്ഥമാണ് പുലിയെ ആക്രമിക്കേണ്ടി വന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗോപാലൻ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ''പുലി റോഡിൽ കിടക്കുകയായിരുന്നു. രണ്ട് ആടിനെയും കോഴികളെയും കൊന്ന പുലിയാണത്. നടന്നുപോയ എന്റെ ദേഹത്തേക്ക് ചാടി ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന വാക്കത്തി വീശിയപ്പോഴാണു പുലിക്കു മുറിവേറ്റത്.''- പരിക്കേറ്റ ഗോപാലൻ പറഞ്ഞു.
Related News- പുലി ചത്തത് ആദിവാസി കർഷകൻ സ്വയരക്ഷാർത്ഥം വെട്ടിയപ്പോൾ; ആക്രമണം സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോൾ
മാങ്കുളത്തിന് സമീപം ചിക്കണം കുടി ആദിവാസി കോളനിയിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഗോപാലന്‍റെ വീടിന് 50 മീറ്റർ അകലെയായിരുന്നു പുലിയെ കണ്ടത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഏറെ നേരം ഇദ്ദേഹം പുലിയുമായി മല്ലിടുകയും ഒടുവിൽ ആത്മരക്ഷാർത്ഥം വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു.
advertisement
രണ്ടാഴ്ചയായി മേഖലയിൽ പുലി ഭീതിയുണ്ടായിരുന്നു. വ്യാപകമായി വളർത്ത് മൃഗങ്ങളെ കൊന്നിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് പട്ടരുമഠം ഡെയ്സിയുടെ രണ്ട് ആടിനെ കൊന്നിരുന്നു. കഴിഞ്ഞദിവസം കോഴിക്കൂട് തപ്പിയെത്തിയ പുലി പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുൻപേ വല മുറിച്ച് രക്ഷപ്പെട്ടിരുന്നു.
Also Read- പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ
ആറാം മൈലിനു സമീപം കോട്ടായി ബിനോയിയുടെ വീടിനടുത്തു കോഴിക്കൂടിനു വിരിച്ചിരുന്ന വലയിലാണു പുലർച്ചെ പുലി കുരുങ്ങിയത്. ബഹളം കേട്ട് ബിനോയ്‌യും സമീപവാസികളും എത്തിയെങ്കിലും അതിനിടെ വല പൊട്ടിച്ച് പുലി ഓടിക്കളഞ്ഞു. കൂട്ടിലുണ്ടായിരുന്ന 5 കോഴികളെ പുലി കൊന്നതായി ബിനോയ് പറഞ്ഞു. രണ്ടാഴ്ച മുൻപ് ആറാംമൈൽ അടയ്ക്കാപറമ്പിൽ ബിജു ജോണിന്റെ 2 ആടുകളെ പുലി കൊന്നിരുന്നു.
advertisement
സി സി ടി വിയിൽ പുലിയുടെ ദ്യശ്യം പതിഞ്ഞതോടെ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2022 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആത്മരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന ആദിവാസി കർഷകനെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനം