തിങ്കളാഴ്ച വി.ഡി. സതീശൻ അവതരിപ്പിക്കുന്ന അവിശ്വാസം പതിനാറാമത്തേത്; വിജയിച്ചത് ഒരു പ്രമേയം മാത്രം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രണ്ടാം കേരള നിയമസഭയുടെ കാലത്ത് 1961 ൽ സി.ജി. ജനാർദ്ദനനാണ് ആദ്യത്തെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്.
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയത്തിനാണ് വി.ഡി സതീശൻ നോട്ടീസ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരുമ്പോൾ അഞ്ച് മണിക്കൂർ അവിശ്വാസപ്രമേയം ചർച്ച ചെയ്യും നേരത്തെ അവതരിപ്പിക്കപ്പെട്ട 15 പ്രമേയങ്ങളിൽ ഒന്ന് ഒഴികെ മറ്റെല്ലാം എല്ലാം പരാജയപ്പെടുകയായിരുന്നു.
അവിശ്വാസപ്രമേയങ്ങളുടെ ചരിത്രം
രണ്ടാം കേരള നിയമസഭയുടെ കാലത്ത് 1961 ൽ സി.ജി. ജനാർദ്ദനനാണ് ആദ്യത്തെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പി.എസ്.പി മന്ത്രിമാ രായ പട്ടം താണുപിള്ള, കെ.ചന്ദ്രശേഖരൻ, ഡി.ദാമോദരൻപോറ്റി എന്നിവർക്കെതിരെയായിരുന്നു അവിശ്വാസം. 1961 ജൂൺ 26 നു നൽകിയ നോട്ടീസ് ചട്ടപ്രകാരമല്ലാത്തതിനാൽ പരിഗണിച്ചില്ല. തൊട്ടടുത്ത ദിവസം സി.ജി. ജനാർദ്ദനൻ വീണ്ടും നോട്ടീസ് നൽകി. ആ പ്രമേയം 30 നെതിരേ 86 വോട്ടുകൾക്ക് പരാജയപ്പെട്ടു.

വി.ഡി. സതീശൻ
advertisement
1962 ഒക്ടോബർ 10 ന് സി.അച്യുതമേനോനാണ് ആർ.ശങ്കർമന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രണ്ടു ദിവസത്തെ ചർച്ചയ്ക്കു ശേഷം പ്രമേയം വോട്ടിനിട്ട് തള്ളി. 29 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 78 പേർ എതിർത്തു. 11 പേർ നിഷ്പക്ഷത പാലിച്ചു.
അടുത്ത വർഷം 1963 സെപ്തംബർ 11 ന് അച്യുതമേനോൻ തന്നെ ശങ്കറിനെതിരേ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 19, 20 തീയതികളിലായി ചർച്ച നടന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിശ്വാസം കാക്കാൻ ശങ്കറിനായി. 45 പേർ പ്രമേയത്തെ അനുകൂലിച്ചും 65 പേർ എതിർത്തും വോട്ട് ചെയ്തപ്പോൾ എട്ടുപേർ നിഷ്പക്ഷത പാലിച്ചു.
advertisement

മൂന്നാമൂഴത്തിൽ ശങ്കർ വീണു; ലക്ഷ്യം കണ്ടത് പി.കെ കുഞ്ഞിൻ്റെ പ്രമേയം
രണ്ടുതവണ അവിശ്വാസത്തെ അതിജീവിച്ച ശങ്കറിന് മൂന്നാം തവണ അടിതെറ്റി. 1964 സെപ്റ്റംബർ മൂന്നിന് പി.കെ. കുഞ്ഞാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഏഴ്, എട്ട് തീയതികളിലായി ചർച്ച നടന്നു. ചർച്ചയ്ക്കൊടുവിൽ ശങ്കറിന് തോറ്റു പിന്മാറേണ്ടി വന്നു. 73 പേർ പ്രമേയത്തെ പിന്താങ്ങി. 50 പേർ മാത്രമേ ശങ്കറിനൊപ്പം നിന്നുള്ളൂ. അങ്ങനെ പി.കെ.കുഞ്ഞും ശങ്കറും ചരിത്രത്തിലിടം നേടി.
advertisement
അച്യുതമേനോൻ നേരിട്ടത് മൂന്ന് അവിശ്വാസ പ്രമേയങ്ങൾ
നാലാം കേരള നിയമസഭയുടെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ മറികടന്നത് മൂന്ന് അവിശ്വാസ പ്രമേയങ്ങളെയാണ്. 1971 ഏപ്രിലിൽ സിബിസി വാര്യരും നവംബറിൽ ജോൺ മാഞ്ഞൂരാനും കൊണ്ടു വന്ന പ്രമേയങ്ങളെ അച്യുതമേനോൻ അതിജീവിച്ചു. 1972ൽ ഇ. ബാലാനന്ദൻ അച്യുതമേനോൻ സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു.
കെ. കരുണാകരൻ വെല്ലുവിളി നേരിട്ടത് അഞ്ചു തവണ
ഏറ്റവും അധികം അവിശ്വാസ പ്രമേയങ്ങളെ നേരിട്ടതും അതിജീവിച്ചതും കെ. കരുണാകരനാണ്. 1982ൽ എ.സി ഷൺമുഖദാസാണ് കരുണാകരൻ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നത് . വോട്ടിനിട്ടപ്പോൾ 70 പേർ എതിർത്തും അത്രയും പേർതന്നെ അനുകൂലിച്ചും വോട്ട് ചെയ്തു. ഒടുവിൽ സ്പീക്കർ എ.സി. ജോസിൻ്റെ ചരിത്ര പ്രസിദ്ധമായ കാസ്റ്റിംഗ് വോട്ടോടെ കരുണാകരൻ ഭരണം നിലനിർത്തി.
advertisement

കെ. കരുണാകരൻ
1983ൽ ബേബിജോണും 1985ൽ എം.വി.രാഘവനും 1986 ൽ ഇ.കെ.നായനാരുംകരുണാകരൻ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളും പരാജയപ്പെട്ടു. 1995 ൽ ഐ എസ് ആർ ഒ ചാരക്കേസിനെ തുടർന്നായിരുന്നു കരുണാകരൻ അവിശ്വാസം നേരിട്ടത്. പ്രതിപക്ഷ നേതാവായിരുന്ന വി.എസിൻ്റെ ആ പ്രമേയത്തെയും കരുണാകരൻ മറികടന്നു.
advertisement
അവിശ്വാസ പ്രമേയത്തെ മറികടന്നവരിൽ നായനാരും ഉമ്മൻ ചാണ്ടിയും
1987ൽ വി.എം.സുധീരനും 1989 ൽ കെ.ശങ്കരനാരായണനുമാണ് ഇ.കെ.നായനാർ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രണ്ടും പരാജയപ്പെട്ടു. 2005 ൽ ഉമ്മൻ ചാണ്ടിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കോടിയേരി ബാലകൃഷ്ണനാണ്. അതും പരാജയപ്പെട്ടു.

അച്യുതമേനോൻ പ്രമേയം അവതരിപ്പിച്ച് വിശ്വാസമുറപ്പിച്ചു
അവിശ്വാസപ്രമേയങ്ങൾക്കു മാത്രമല്ല അല്ല വിശ്വാസ പ്രമേയത്തിലും കേരള നിയമസഭ സാക്ഷിയായിട്ടുണ്ട് 1970 മാർച്ച് 18 ന് മുഖ്യമന്ത്രി അച്യുതമേനോൻ സഭയുടെ വിശ്വാസം തേടി. രണ്ടു ദിവസം നീണ്ട ചർച്ചകൊൾക്കൊടുവിൽ 66 വോട്ടുകളുടെ ബലത്തിൽ അച്യുതമേനോൻ വിശ്വാസം നേടി. 58 പേർ എതിർത്തപ്പോൾ അഞ്ചു നിഷ്പക്ഷരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2020 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിങ്കളാഴ്ച വി.ഡി. സതീശൻ അവതരിപ്പിക്കുന്ന അവിശ്വാസം പതിനാറാമത്തേത്; വിജയിച്ചത് ഒരു പ്രമേയം മാത്രം


