ശ്രീലങ്കൻ യുവതി ദർശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് സർക്കാർ
Last Updated:
മുഖ്യമന്ത്രിയുടെ ഓഫീസാണ് ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി നാലിനാണ് ശ്രീലങ്കയില്‍ നിന്നുള്ള 47കാരിയായ ശശികല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇവര്‍ ദര്‍ശനം നടത്തിയെന്നു സ്ഥിരീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ വാര്‍ത്ത സ്ഥിരീകരിച്ച് പൊലീസും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ ശശികലയും ഗുരുസ്വാമിയും സന്നിധാനത്ത് ശ്രീകോവിലിനു സമീപം നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം പതിനെട്ടാംപടിക്കു സമീപത്തു നിന്നു ദര്‍ശനം നടത്താതെ മടങ്ങിയെന്നാണ് ശശികല മാധ്യമളോട് പറഞ്ഞത്. തൊഴാന്‍ എത്തിയപ്പോള്‍ അനുവാദം നല്‍കിയില്ലെന്ന് ശശികലയുടെ ഭര്‍ത്താവ് ശരവണമാരനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനു പിന്നാലെയാണ് യുവതി ദര്‍ശനം നടത്തിയെന്നും സുരക്ഷ പരിഗണിച്ചാണ് അവര്‍ അങ്ങനെ പറഞ്ഞതെന്നും വിശദീകരിച്ച് പൊലീസ് രംഗത്തെത്തിയത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം സംബന്ധിച്ച സര്‍ക്കാരിന്റെ മുന്‍നിലപാടും മന്ത്രി നിയമസഭയില്‍ മാറ്റിപ്പറഞ്ഞു. ശബരിമലയില്‍ രണ്ട് യുവതികള്‍ മാത്രമെ ദര്‍ശനം നടത്തിയിട്ടുള്ളെന്നാണ് മന്ത്രി കടകംപള്ളി നിയമസഭയെ അറിയിച്ചത്. അതേസമയം 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു പൊലീസ് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ പുരുഷന്‍മാരും 50 കഴിഞ്ഞ സ്ത്രീകളും ഉള്‍പ്പെട്ടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ 34 പേരെ ഒഴിവാക്കി 17 പേരുടെ പട്ടിക തയാറാക്കി. ഇതിനു പിന്നാലെയാണ് ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടനുസരിച്ച് രണ്ട് യുവതികള്‍ മാത്രമെ ദര്‍ശനം നടത്തിയിട്ടുള്ളെന്ന് മന്ത്രി വ്യക്തമാക്കിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2019 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീലങ്കൻ യുവതി ദർശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് സർക്കാർ


