അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി പ്രവാസി പുതുതലമുറ
Last Updated:
കേരളത്തിന് പുറത്ത് 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ 25000ഓളം വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും ചങ്ങാതിക്കുടുക്ക പദ്ധതിയില്‍ പങ്കുചേര്‍ന്നിരുന്നു
തിരുവനന്തപുരം: അതിജീവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി പ്രവാസിമലയാളി കുട്ടികളെത്തുന്നു. നവകേരളനിര്‍മിതിയില്‍ പുതുതലമുറ പ്രവാസിമലയാളികളെ പങ്കുചേര്‍ത്തുകൊണ്ട് മലയാളം മിഷന്‍ ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായാണ് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സഹായനിധിയുമായി കേരളത്തിലെത്തുന്നത്.
ചില്ലറത്തുട്ടുകളായും വിദേശനാണ്യങ്ങളായുമൊക്കെ ഓരോ മലയാളം മിഷന്‍വിദ്യാര്‍ഥിയും വീടുകളില്‍ സൂക്ഷിച്ച മണ്‍കുടുക്കകളിലും പാത്രങ്ങളിലുമൊക്കെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശേഖരിച്ചുവച്ച പണമാണ് ചങ്ങാതിക്കുടുക്ക നിധിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിക്കുന്നത്. കേരളത്തിന് പുറത്ത് 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ 25000ഓളം വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും ചങ്ങാതിക്കുടുക്ക പദ്ധതിയില്‍ പങ്കുചേര്‍ന്നിരുന്നു. അകംകേരളം നേരിട്ട ദുരിതത്തിന് കൈത്താങ്ങുമായി പുറംകേരളത്തിലെ ഇത്രയുമേറെ വിദ്യാര്‍ഥികള്‍ അണിചേരുന്ന പദ്ധതി ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
advertisement
തിരുവനന്തപുരത്ത് ജനുവരി 25 മുതല്‍ 27 വരെയായി നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ചങ്ങാതിക്കുടുക്കയിലൂടെ തങ്ങള്‍ ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറും. 25 ലക്ഷത്തോളം രൂപയാണ് വിദ്യാര്‍ഥികള്‍ സ്വന്തംനിലക്ക് ഈ സംരംഭത്തിലൂടെ സമാഹരിച്ചത്.
കേരളം നേരിട്ട മഹാപ്രളയത്തിനുശേഷം നടക്കുന്ന നവകേരള നിര്‍മിതിയില്‍ പങ്കുചേരാന്‍ പ്രവാസിമലയാളികളിലെ പുതിയ തലമുറയ്ക്കും ഒരവസരം നല്‍കണം എന്ന ചിന്തയാണ് ചങ്ങാതിക്കുടുക്കയിലേക്കു നയിച്ചതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. കേരളത്തിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രളയത്തില്‍ വീടും സ്‌കൂളും പഠനോപകരണങ്ങളും നഷ്ടമായിരുന്നു. ഇവരെ സഹായിക്കാന്‍ മലയാളം മിഷന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം, മറ്റ് പ്രവാസി വിദ്യാര്‍ഥികളും ചങ്ങാതിക്കുടുക്കയിലൂടെ പങ്കുചേര്‍ന്നിരുന്നെന്നും പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
advertisement
ചങ്ങാതിക്കുടുക്ക സമര്‍പ്പണത്തോടനുബന്ധിച്ചു നടക്കുന്ന മൂന്നു ദിവസത്തെ സഹവാസ ക്യാമ്പില്‍ 40 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഒന്‍പത് മുതല്‍ 14 വയസുവരെ പ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലയാളം മിഷന്റെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, തെലങ്കാന, ഗോവ എന്നിവിടങ്ങളിലെ വിവിധ പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളാണ്.
ജനുവരി 25 വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനാകും. റീബില്‍ഡ് കേരള സിഇഒ ഡോ. വി. വേണു, പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. കഴക്കൂട്ടം മരിയ റാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ വിനോദസഞ്ചാര-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വീണ ജോര്‍ജ്ജ് എംഎല്‍എ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കും. വിദ്യാര്‍ഥികളുടെ ക്യാമ്പിനൊപ്പം വെണ്‍പാലവട്ടത്തെ സമേതി കര്‍ഷക ഭവനത്തില്‍ സമാന്തരമായി മലയാളം മിഷന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ക്യാമ്പും നടക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2019 11:37 PM IST



