• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'EMCCയുമായി ഒപ്പിട്ട കരാറിൽ തെറ്റായ ഒന്നുമില്ല'; വിശദീകരണവുമായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ

'EMCCയുമായി ഒപ്പിട്ട കരാറിൽ തെറ്റായ ഒന്നുമില്ല'; വിശദീകരണവുമായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ

ഇഎംസിസി ഇതുവരെ വര്‍ക്ക് ഓര്‍ഡര്‍ പ്രകാരം അഡ്വാന്‍സ് തുക ഒടുക്കുകയോ യാനങ്ങളുടെ വിശദമായ രൂപരേഖ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട കരാറിൽ തെറ്റായ ഒന്നുമില്ലെന്നാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ്റെ വിശദീകരണം. ജലയാനങ്ങളും ട്രോളറുകളും നിർമ്മിക്കാനുള്ള കരാറാണ് ഒപ്പിട്ടത്. മത്സ്യ ബന്ധനവുമായി കെ.എസ്.ഐ.എൻ.സിക്ക് ഒരു ബന്ധവുമില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന ജലയാനങ്ങള്‍ നീറ്റിലിറക്കുന്നവര്‍ നിലവിലുള്ള നിയമപരമായി എല്ലാവിധ ലൈസന്‍സുകളും സര്‍ക്കാര്‍ അനുമതികളും നേടേണ്ടതുണ്ട്. ഇഎംസിസി ഇതുവരെ വര്‍ക്ക് ഓര്‍ഡര്‍ പ്രകാരം അഡ്വാന്‍സ് തുക ഒടുക്കുകയോ യാനങ്ങളുടെ വിശദമായ രൂപരേഖ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.

Also Read- 'ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ

എന്നാൽ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടി രൂപയുടെ പദ്ധതിയായാണ് കരാറിനെ നേരത്തെ  കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കൻ കമ്പനി ഇ.എം.സി.സി ഇൻറർനാഷണലുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും നേരത്തെ വിശദീരിച്ചിരുന്നു.

കെ.എസ്.ഐ.എൻ.സി എം.ഡി എൻ.പ്രശാന്തും ഇ.എം.സി.സി ഇൻറർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘അസൻഡ് 2020’ നിക്ഷേപസമാഹരണ പരിപാടിയിൽ ഇ.എം.സി.സിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്.

Also Read- 'ഇ.എം.സി.സിയുമായി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി'; ഫോട്ടോകള്‍ പുറത്തുവിട്ട് ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം കരാറിൽ ഉൾപ്പെടും. മത്സ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെ.എസ്.ഐ.എൻ.സിയുടെ സഹായത്തോടെ ഇ.എം.സി.സി കേരളത്തിൽ നിർമിക്കുക. നിലവിൽ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പദ്ധതിയെന്നും നേരത്തെ കെ.എസ്.ഐ.എൻ.സി വിശേഷിപ്പിച്ചിരുന്നു.

കരാർ പ്രകാരം ഇ.എം.സി.സിക്ക് ട്രോളറുകൾ നിർമിക്കാൻ അടിസ്ഥാനസൗകര്യങ്ങൾ കെ.എസ്.ഐ.എൻ.സി ഒരുക്കും. ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളർ നിർമിക്കാൻ ചെലവ്. ഇവ നിലവിലെ മത്സ്യത്തൊഴിലാളികൾക്കാണ് വിതരണം ചെയ്യുക. ഇത്രയും ട്രോളറുകൾ മത്സ്യ ബന്ധനം നടത്തി തിരിച്ചെത്തുമ്പോൾ അവയ്ക്ക് അടുക്കാൻ നിലവിലുള്ളവയ്ക്കൊപ്പം പുതിയ ഹാർബറുകളും കെ.എസ്.ഐ.എൻ.സി വികസിപ്പിക്കും.

ഇത്തരത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യങ്ങൾ സംസ്‌കരിക്കാൻ ഇ.എം.സി.സി കേരളത്തിൽ യൂണിറ്റുകൾ തുറക്കും. ഇവിടെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് പ്രഥമ പരിഗണന നൽകും. കേരളത്തിൽ തുറക്കുന്ന 200 ഔട്ട്‌ലെറ്റുകൾ വഴി സംസ്‌കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതി.

Also Read- എറണാകുളത്തെ കന്യാസ്ത്രീയുടെ മരണം: ദുരൂഹതയില്ല; ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പൊലീസ്

പദ്ധതിവഴി 25,000 ൽപരം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്ന് കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത് അവകാശപ്പെട്ടിരുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) ഗവേഷണ ആവശ്യങ്ങൾക്കായി ഒരു ട്രോളർ സൗജന്യമായി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സി.എം.എഫ്.ആർ.ഐയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത മത്സ്യബന്ധനമാണ് ലക്ഷ്യമെന്നും പറഞ്ഞിട്ടുണ്ട്.

പദ്ധതി വിവാദമായതോടെയാണ് വിശദീകരണവുമായി കേരള ഷിപ്പിംഗ് ആൻറ് ഇൻലാൻഡ്  നാവിഗേഷൻ കോർപ്പറേഷൻ  രംഗത്ത് വന്നത്. പദ്ധതി സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടില്ലെന്നും കോർപ്പറേഷൻ വിശദീകരിക്കുന്നു
Published by:Rajesh V
First published: