മാനന്തവാടി: വയനാട്ടിൽ മാവോവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗർ ഡാമിനും സമീപത്ത് പന്തിപൊയിൽ വാളാരം കുന്നിൽ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത് എന്നാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടർന്ന് മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റുകളുടെ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം. 35 വയസുതോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്നും 303 മോഡൽ റൈഫിളും കണ്ടെത്തി.
ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് ആരേയും കയറ്റിവിടുന്നില്ല. ഇവിടെ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന. മാവോയിസ്റ്റ് സംഘത്തിന്റെ കബനീ ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. കൊവിഡിനെ തുടർന്ന് കുറച്ചു നാളുകളായി വനംവകുപ്പും തണ്ടർ ബോൾട്ടും പട്രോളിംഗ് സജീവമായി നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന ഒരു ഉന്നതതലയോഗത്തിൽ പട്രോളിംഗ് വീണ്ടും പുനഃരാരംഭിക്കാൻ തീരുമാനമായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.