മുടി അൽപ്പം നീട്ടി ഹെയർ ബോ വെച്ച് ഒതുക്കിയിരിക്കുന്നു. സോൾട്ട് ആന്റ് പെപ്പർ താടി. ഇഷ്ടതാരം സൂര്യയുടെ പുതിയ ലുക്ക് കണ്ട് ആവേശത്തിലാണ് ആരാധകർ. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
സംവിധായക സുധ കൊങ്കാര പ്രസാദിന്റെ മകൾ ഉത്രയുടെ വിവാഹത്തിൽ പങ്കെടുത്ത നടന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. പുതിയ ചിത്രത്തിനായുള്ള താരത്തിന്റെ ഗെറ്റപ്പാണ് ഇതെന്നാണ് ആരാധകർ കരുതുന്നത്.
![]()
സുധ കൊങ്കാരയും സൂര്യയും തമ്മിലുള്ള അടുപ്പം കോളിവുഡിൽ പ്രശസ്തമാണ്. തന്റെ സഹോദരിയെ പോലെയാണ് സുധ എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. ചെന്നൈയിൽ വെച്ചാണ് സുധയുടെ മകൾ ഉത്രയും വിഘ്നേഷും വിവാഹിതരായത്. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഗെറ്റപ്പ് മാറ്റം എന്നാണ് ആരാധകർ കരുതുന്നത്. സൺ പിക്ചേർസ് നിർമിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരാരയ് പോട്ര് ആമസോൺ പ്രൈമിൽ റിലീസ് ഒരുങ്ങുകയാണ്.
![]()
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് മാറ്റി വെച്ച ചിത്രം ഒടുവിൽ ഒടിടി റിലീസിന് ഒരുങ്ങുകയായിരുന്നു. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. നവംബർ 12ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
![]()
എയർ ഡെക്കാൻ ഉടമ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ യൂട്യൂബിൽ ട്രെന്റിങ് ആയിരുന്നു. ഇതുവരെ 21 മില്യൺ വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചത്. ബോളിവുഡ് നടൻ പരേഷ് റാവൽ, മോഹൻ ബാബു, ഉയർവശി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
സുരാരി പോട്രിന് പുറമേ, നയൻ താര പ്രധാന വേഷത്തിൽ എത്തുന്ന മൂക്കിത്തി അമ്മനും ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.