ഇടുക്കി: പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജാനകി (55) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. ഇതിൽ ഒരാളായിരുന്നു ജാനകി. അപകടത്തിൽ തിരുനെല്‍വേലി സ്വദേശികളായ പെരുമാൾ, വള്ളിയമ്മ, സുശീന്ദ്രൻ, സുധ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിരുന്നു.
തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബോഡിമെട്ടിനും പൂപ്പാറയ്ക്കും ഇടയിൽ തോണ്ടിമലയിൽ, കൊടും വളവിൽ നിയന്ത്രണം നഷ്‌ടമായ വാഹനം കൊക്കയിലേക്ക് പതിയ്ക്കുകയായിരുന്നു.
റോഡിന്റെ താഴ്ഭാഗത്തുള്ള ഏലത്തോട്ടത്തിലേയ്ക് കുത്തനെ മറിഞ്ഞ അവസ്ഥയിലായിരുന്നു വാഹനം.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.