Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടിയെന്ന് പൊലീസ് പറയുന്നു. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കോട് (Kozhikode) വെള്ളിമാടുകുന്ന് (Vellimadukunnu) ചില്‍ഡ്രന്‍സ് ഹോമില്‍ (Childrens Home) നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ (Missing Girls) ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ പൊലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടിയെന്ന് പൊലീസ് പറയുന്നു. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
രക്ഷപ്പെട്ട് മറ്റ് നാല് പെണ്‍കുട്ടികളും അധികം ദൂരമൊന്നും പോവാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. കുട്ടികളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ വഴിയില്‍ പരിചയപ്പെട്ടവരില്‍ നിന്ന് കടം വാങ്ങിയും മറ്റുമാണ് യാത്ര. അതുകൊണ്ട് തന്നെ മറ്റുള്ളവരേയും ഉടന്‍ പൊലീസിന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇവരെ കണ്ടെത്താനും കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി കേരള പോലീസിന്റെ രണ്ട് സംഘങ്ങള്‍ ബെംഗളൂരുവിലേക്ക് പോയിട്ടുണ്ട്.
advertisement
റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേല്‍ കോണി വെച്ച് ആറ് പേരും രക്ഷപ്പെട്ടത്. പിന്നീട് ബെംഗളൂരുവില്‍ എത്തിയെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. രണ്ട് യുവാക്കളുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരു മഡിവാളയിലെ ഹോട്ടലില്‍ മുറി ലഭിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യുവാക്കള്‍ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി. കുറച്ച് സന്ദര്‍ശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെണ്‍കുട്ടികള്‍ ലോബിയിലേക്ക് കയറിവന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാര്‍ക്ക് സംശയംതോന്നി.
advertisement
കേരളത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായത് സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഹോട്ടലുകാര്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. അതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ മഡിവാള പൊലീസിനെയും കെഎംസിസി, എംഎംഎ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേര്‍ സമീപത്തെ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ സഹായം തേടിയതെന്നാണ് യുവാക്കള്‍ അറിയിച്ചത്. കാണാതായ കുട്ടികളില്‍ രണ്ടുപേര്‍ ഈ മാസം 25 ന് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയതാണ്. മറ്റു നാലുപേര്‍ ഒരു മാസത്തിനിടയിലും എത്തിയവരാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2022 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു