ലൈംഗിക പീഡന പരാതി രാഷ്ട്രീയ ഗൂഢാലോചന : പി കെ ശശി
Last Updated:
പാലക്കാട് : തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ലൈംഗിക പീഡന പരാതിയെന്ന് സിപിഎം എംഎല്‍എ പി കെ ശശി. തനിക്കെതിരെയുള്ള പരാതിയെക്കുറിച്ച് അറിഞ്ഞത് തന്നെ മാധ്യമങ്ങളിലൂടെയാണ്. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പ്രതികരിച്ചു.
ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതിയുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. രണ്ടാഴ്ച മുന്‍പാണ് എംഎല്‍എ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. പരാതി വിവരം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ് ബ്യൂറോയെ അറിയിക്കുകയും തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
advertisement
ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതിയാകും പരാതി അന്വേഷിക്കുക. സമിതിയില്‍ വനിതാ അംഗത്തെ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ടെന്നാണ് സൂചന.എന്നാല്‍ തനിക്ക് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പി കെ രാജേന്ദ്രന്‍ അറിയിച്ചത്. പരാതി ലഭിക്കാതെ ജില്ലാ കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2018 10:32 AM IST