ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി കെ ടി ജലീൽ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതിക്കാരനാണെന്ന് കെ ടി ജലീൽ ഫേസ്ബുക്കിലൂടെയാണ് ആരോപണമുന്നയിച്ചത്. ആദ്യ ദിവസങ്ങളിൽ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം എങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് തന്നെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ ആണ് പിസി ജോർജ് അഭിപ്രായ പ്രകടനവും ആയി രംഗത്ത് വന്നത്. ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതിക്കാരനാണെന്ന കെ ടി ജലീലിന്റെ അഭിപ്രായം 100% ശരിയാണ് എന്ന നിലപാടാണ് പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനം നടത്തി പ്രകടിപ്പിച്ചത്. തനിക്കും വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ട് എന്ന് പിസി ജോർജ് വ്യക്തമാക്കി. എന്നാൽ ജസ്റ്റിസ് എന്ന നിലയിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ഒന്നും താൻ പറയാൻ തയ്യാറല്ല എന്ന് പിസി ജോർജ് പറയുന്നു.
അഴിമതിക്കാരൻ എന്നതിനു പുറമേ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മറ്റു പല രീതികളും സിറിയക് ജോസഫ് അവലംബിക്കാറുണ്ട് എന്ന് പിസി ജോർജ് ആരോപിക്കുന്നു. തനിക്ക് എതിര് നിൽക്കുന്ന ആൾ മുസ്ലിം മതത്തിലോ ഹിന്ദു മതത്തിലോ പെട്ട ആളാണെങ്കിൽ താൻ ഒരു പാവം ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞ് ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കും. എതിര് നിൽക്കുന്ന ആൾ ക്രിസ്ത്യാനി ആണെങ്കിൽ താൻ ഒരു പാവം ക്നാനായ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞു ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കും. ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ സിറിയക് ജോസഫ് തട്ടിയെടുത്തു എന്ന ഗുരുതരമായ ആരോപണമാണ് പിസി ജോർജ് കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.
സിറിയക് ജോസഫ് പുറപ്പെടുവിച്ച വിധികളിൽ തനിക്ക് ബഹുമാനമില്ല എന്നും പിസി ജോർജ് പറയുന്നു. കെ ടി ജലീൽ പറഞ്ഞത് അതുകൊണ്ടുതന്നെ 100% ശരിയാണ്. ഇക്കാര്യത്തിൽ കെ ടി ജലീലിനെ തന്നെ പൂർണ്ണ പിന്തുണ നൽകുകയാണ് എന്നും പിസി ജോർജ് വ്യക്തമാക്കി. അതേസമയം ആരാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ ചുമക്കുന്നത് എന്ന് കെ ടി ജലീൽ മനസ്സിലാക്കണമെന്നും പിസി ജോർജ് പറയുന്നു. ഇടതുപക്ഷ സർക്കാരാണ് സിറിയക് ജോസഫിനെ പിന്തുണയ്ക്കുന്നത്.
കെ ടി ജലീൽ എന്തിനാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് എന്നും പിസി ജോർജ് ചോദിക്കുന്നു. ഇത്തരം വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിച്ച് ഇടതുപക്ഷം വിടാൻ കെ ടി ജലീൽ തയ്യാറാകണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. അങ്ങനെ വന്നാൽ കെ ടി ജലീൽ ഒപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും പിസി ജോർജ് പറയുന്നു.
എംജി സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജാൻസി ജെയിംസിന്റെ നിയമനം ആണ് കെ ടി ജലീൽ അഴിമതിയായി മുന്നോട്ടു വെച്ച ഒരു വിഷയം. അതേ ജാൻസി ജെയിംസിന്റെ മകളെ ഹൈക്കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇടതുപക്ഷ സർക്കാർ നിയമിച്ചു എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വൃത്തികേടുകൾ കാണിക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ നിലപാടെടുക്കാൻ കെ ടി ജലീൽ എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്നും പിസി ജോർജ് പറയുന്നു. ലോകായുക്ത വിഷയത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ പൂർണമായും തള്ളി പറയുന്നതായി പിസി ജോർജ് വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് മരുമകൻ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി ആക്കണം എന്ന് പിസി ജോർജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.