ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ
സംസ്ഥാന സർക്കാരിനെതിരെ സിബിഎ സുപ്രീംകോടതിയിൽ. അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസിന്റെ രേഖകൾ സർക്കാർ നൽകുന്നില്ലെന്നും സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഓഗസ്റ്റ് 25 ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട പെരിയ ഇരട്ട കൊലപാതകക്കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. ഇത് ചോദ്യം ചെയ്താണ്
സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിക്ക് ഉള്ള മറുപടിയിലാണ് സംസ്ഥാന സർക്കാറിനെതിരെ ഗുരുതരമായ ആരോപണം സിബിഐ മുന്നോട്ട് വെക്കുന്നത്.
സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ കേസിന്റെ അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞുവെന്നു സിബിഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസിന്റെ രേഖകൾ സർക്കാർ നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
34 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം സാക്ഷികളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയതായും സിബിഐ അറിയിച്ചു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്നാണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച് നേരുതെ വ്യക്തമാക്കിയിരുന്നത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസിൽ ഒന്നാംപ്രതി. സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.