News18 MalayalamNews18 Malayalam
|
news18
Updated: February 27, 2021, 11:27 PM IST
പി കെ കുഞ്ഞാലിക്കുട്ടി
- News18
- Last Updated:
February 27, 2021, 11:27 PM IST
മലപ്പുറം: ലീഗിനെ ക്ഷണിക്കാൻ ബിജെപി വളർന്നിട്ടില്ലെന്ന് ശോഭ സുരേന്ദ്രന് മറുപടി നൽകി പികെ കുഞ്ഞാലിക്കുട്ടി. ചങ്ങരംകുളത്ത് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സന്ദേശ യാത്രയുടെ ഉദ്ഘാടന വേദിയിൽ ആണ് പി കെ കുഞ്ഞാലിക്കുട്ടി ബി ജെ പിക്ക് എതിരെ തുറന്നടിച്ചത്. ഒരു പുതിയ നേതാവ് ഞങ്ങളെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞാണ് പികെ കുഞ്ഞാലിക്കുട്ടി ബി ജെ പിക്ക് ഉള്ള മറുപടി തുടങ്ങിയത്.
'ഞങ്ങളെ ക്ഷണിക്കാൻ മാത്രം നിങ്ങൾ ആയിട്ടില്ല. അതിന് വെച്ച വെള്ളം വാങ്ങി വെച്ചാൽ മതി. ഞങ്ങൾ കറ കളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടി ആണ്. നിങ്ങൾക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ ഇവിടെ ഉള്ള പാർട്ടിയെ ആണ്. അവർ ഇപ്പൊ നിങ്ങടെ ഭാഷയിൽ ആണ് സംസാരിക്കുന്നത്. അതാ നല്ലത്. ഞങ്ങളുള്ളത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒപ്പമാണ്. ബി ജെ പിയെ നേരിടുന്ന കാര്യത്തിൽ ഒരു സി പി എമ്മും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒപ്പം എത്തിയിട്ടല്ല. അത് കൊണ്ട് ഞങ്ങളെ ക്ഷണിക്കാൻ മാത്രം ഒന്നും നിങ്ങളായിട്ടില്ല.' - പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ അണികളെ ആവേശത്തിലാക്കി.
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് സൗഹൃദ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തത്. ഇ ടി മുഹമ്മദ് ബഷീർ എം പി, പിവി അബ്ദുൽ വഹാബ് എം പി തുടങ്ങിയ ലീഗ് നേതാക്കൾക്ക് പുറമെ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വൻ കുതിപ്പ് ലക്ഷ്യമിട്ട് മലപ്പുറത്തെ മുഴുവൻ മണ്ഡലങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് നടത്തുന്ന പരിപാടി ആണ് സൗഹൃദ സന്ദേശ യാത്ര.
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം BJP വളർന്നിട്ടില്ല; ശോഭ സുരേന്ദ്രന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന യാത്രയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പാർട്ടിയുടെ ന്യൂനപക്ഷ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ ഭദ്രമാക്കാനും സമീപ കാലത്ത് ലീഗിന് എതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കാനും യാത്ര സഹായകരമാകുമെന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്. യാത്രയുടെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
മലപ്പുറത്തെ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്വേഷ പ്രചാരണം തുറന്നു കാട്ടുക എന്നതിനൊപ്പം, മതാതീതമായ പൊതുധാര ശക്തിപ്പെടുത്തുക എന്നത് കൂടി യാത്രയുടെ ലക്ഷ്യമാണെന്ന് നേതൃത്വം വിശദീകരിക്കുന്നു. ലീഗ് സംസ്ഥാന നേതൃത്വത്തിനൊപ്പം കോൺഗ്രസിന്റെ പ്രമുഖരായ നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ യാത്രയുടെ ഭാഗമാകും. കഴിഞ്ഞ തവണ ജില്ലയിൽ കൈവിട്ട് പോയ നാല് മണ്ഡലങ്ങൾക്കൊപ്പം, ശക്തമായ വെല്ലുവിളിയുള്ള മണ്ഡലങ്ങളിലും, യു ഡി എഫ് സംവിധാനവും പാർട്ടി അടിത്തറയും മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ നേട്ടം, നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിർത്തുക എന്നതു കൂടെ കണക്കിലെടുത്താണ്, വിപുലമായ രീതിയിൽ യാത്ര സംഘടിപ്പിക്കുന്നത്. 16 മണ്ഡലങ്ങളിലായി 30 കേന്ദ്രങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് ആറിന് ആണ് യാത്ര സമാപിക്കുക.
Published by:
Joys Joy
First published:
February 27, 2021, 11:27 PM IST