കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അവ്യക്തമായിക്കൂടാ : പി കെ കുഞ്ഞാലിക്കുട്ടി
- Published by:meera_57
- news18-malayalam
Last Updated:
'വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്': കുഞ്ഞാലിക്കുട്ടി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട സർക്കാരിന്റെ കണക്കുവിവരങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. സന്നദ്ധ സേവനങ്ങൾക്കെന്ന പേരിൽ ചിലവഴിക്കപ്പെട്ടെന്നു പറയപ്പെടുന്ന തുകയിൽ ക്രമക്കേടെന്നാണ് ആരോപണം. ലാഭേച്ഛ കൂടാതെ, ഒരു നാട് ഒറ്റക്കെട്ടായി നിന്ന് നടത്തിയ സേവനപ്രവർത്തനത്തിന്റെ കണക്കുകൾ അവ്യക്തമായിക്കൂടാ എന്ന് പി.കെ. കുഞ്ഞാലികുട്ടി. സേവനമാതൃക തീർത്ത സന്നദ്ധപ്രവർത്തകരുടെ കർമനിരതയെ പ്രകീർത്തിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്. വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല.
advertisement
അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്.
വൈറ്റ് ഗാർഡ് തീർത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സൗജന്യമായി ഭക്ഷണം നൽകുന്നത് ഉയർത്തിക്കാട്ടിയാണ്. നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നൽകാൻ ആളുണ്ട് എന്ന അവകാശ വാദവും പരിഹാസത്തിൽ പൊതിഞ്ഞ് സൈബർ പോരാളികൾ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ഭക്ഷണ വിതരണത്തിന് ഇത്രയും ഭാരിച്ച തുക വന്നത്.
advertisement
മറ്റ് കണക്കുകളും ഒറ്റ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതാണ്.
കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ട്.
Summary: PK Kunhalikutty, in a Facebook post, calls for transparency in expenses made towards Wayanad Mundakkai landslide
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 17, 2024 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അവ്യക്തമായിക്കൂടാ : പി കെ കുഞ്ഞാലിക്കുട്ടി






