Local body Election 2020 | പോളിങ് കുറഞ്ഞത് അഞ്ച് ശതമാനം; കോട്ടയത്ത് ആശങ്കയിൽ മുന്നണികൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
യു.ഡി.എഫിന് സ്വാധീനമുള്ള കോട്ടയം, പാലാ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളിൽ അഞ്ച് ശതമാനം പോളിങ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സമാനമായ സ്ഥിതി എൽഡിഎഫിന് സ്വാധീനമുള്ള വൈക്കത്തും ഉണ്ടായതായി യുഡിഎഫ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കോട്ടയത്ത് രാഷ്ട്രീയ പാർട്ടികൾ ആശങ്കയിൽ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായത്. പോളിങ് ശതമാനം പരിഗണിച്ചാൽ ഈരാറ്റുപേട്ടയിൽ മാത്രമാണ് കഴിഞ്ഞതവണത്തെ അത്രയും പോളിങ് ഉണ്ടായത്. 86% ആയിരുന്നു കഴിഞ്ഞ തവണ ഈരാറ്റുപേട്ടയിലെ പോളിങ്. ഇത്തവണ അത് 85 ശതമാനത്തിനു മുകളിലെത്തി.
യു.ഡി.എഫിന് സ്വാധീനമുള്ള കോട്ടയം, പാലാ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളിൽ അഞ്ച് ശതമാനം പോളിങ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സമാനമായ സ്ഥിതി എൽഡിഎഫിന് സ്വാധീനമുള്ള വൈക്കത്തും ഉണ്ടായതായി യുഡിഎഫ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ 80 ശതമാനത്തിൽ എത്തിയ വൈക്കം നഗരസഭയിൽ ഇത്തവണ 75 ശതമാനമായിരുന്നു പോളിങ്.
അതേസമയം ഗ്രാമീണമേഖലയിൽ താരതമ്യേന ഭേദപ്പെട്ട പോളിങ് ഉണ്ടായിട്ടുണ്ട്. വൈക്കം, തലയാഴം, കുമരകം ഉൾപ്പെടെ ഇടതു സ്വാധീനമുള്ള മേഖലകളിൽ 80 ശതമാനത്തോളമാണ് പോളിങ്. യുഡിഎഫ് സ്വാധീനമുള്ള അതിരമ്പുഴ, മീനച്ചിൽ, അകലക്കുന്നം, മരങ്ങാട്ടുപള്ളി മേഖലകളിലും പോളിങ് കുറഞ്ഞു. ഇവിടങ്ങളിൽ ജോസ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിച്ചിരുന്നത്. അതിരമ്പുഴയിൽ 69 ശതമാനം മാത്രമാണ് പോളിങ്.
advertisement
അവകാശവാദവുമായി നേതാക്കൾ
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തി. യുഡിഎഫിന് ജില്ലയിൽ മികച്ച നേട്ടം ഉണ്ടാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ജില്ലയിൽ തെരഞ്ഞെടുപ്പിൽ ഒരു തരംഗം ഉണ്ടായിട്ടുണ്ട്. ഇടതു സർക്കാരിനെതിരായ വികാരമാണിത്. സാധാരണക്കാരായ പത്ത് പേരുടെ കണക്കെടുത്താൽ എട്ടുപേരും സർക്കാരിനെതിരാണ്. ക്ഷേമപെൻഷനുകൾ നേട്ടമുണ്ടാക്കും എന്നാണ് എൽഡിഎഫ് പറയുന്നത്. പക്ഷേ ഈ ക്ഷേമപെൻഷനുകൾ കൊണ്ടുവന്നത് എൽഡിഎഫ് അല്ല. എല്ലാ കാര്യങ്ങളും വിലയിരുത്തി ജനം വോട്ട് ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂർ പറയുന്നു. കടുത്ത പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തിൽ 22 ൽ 15 സീറ്റ് നേടുമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അവകാശപ്പെടുന്നത്. പാലാ അടക്കമുള്ള നഗരസഭകളിലും നേട്ടമുണ്ടാകും.
advertisement
അവകാശവാദങ്ങളിൽ ഒരൽപം കൂടി മുന്നിലാണ് ജോസ് കെ മാണി. ജില്ലാ പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്. പാലാ നഗരസഭയിൽ വൻ വിജയം ഉണ്ടാകും. 17 ലധികം സീറ്റുകൾ ഉണ്ടാകുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ 23 പഞ്ചായത്തുകളാണ് എൽഡിഎഫ് ഭരിച്ചിരുന്നത്. ഈ കണക്കിൽ വലിയ വ്യത്യാസം ഉണ്ടാകും. ഇടതുമുന്നണിയുടെ വോട്ടിനൊപ്പം ജോസ് കെ മാണിയുടെ വോട്ട് കൂടിച്ചേർന്നാൽ പഞ്ചായത്തുകൾ എളുപ്പത്തിൽ നേടാനാകുമെന്ന് ജോസ് കെ മാണി വിഭാഗവും സി.പി.എമ്മും കണക്കുകൂട്ടുന്നു.
advertisement
എൻ.ഡി.എയും പ്രതീക്ഷയിൽ
നിലവിൽ ജില്ലയിൽ ഒരു പഞ്ചായത്തിലും എൻ.ഡി.എ ഭരണകക്ഷിയല്ല. ഇത്തവണ സ്ഥിതി മാറുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ചിറക്കടവും പള്ളിക്കത്തോടുമാണ് ബിജെപിക്ക് പ്രതീക്ഷയിലുള്ള പഞ്ചായത്തുകൾ. കാലങ്ങളായി ഈ പഞ്ചായത്തുകൾ നേടാൻ ബിജെപി വലിയ സമരങ്ങൾ അടക്കം നടത്തിവരികയായിരുന്നു. കോട്ടയം ഏറ്റുമാനൂർ നഗരസഭകളിലും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം നഗരസഭയിൽ ഇത്തവണ 10 സീറ്റിലെങ്കിലും വിജയിക്കുമെന്ന് ബിജെപിയുടെ കണക്ക് കൂട്ടൽ. കഴിഞ്ഞ തവണ ജില്ലയിലാകെ 72 അംഗങ്ങളെ വിജയിപ്പിച്ച ബിജെപിക്ക് ഇത്തവണ നൂറിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകുമെന്നും ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2020 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local body Election 2020 | പോളിങ് കുറഞ്ഞത് അഞ്ച് ശതമാനം; കോട്ടയത്ത് ആശങ്കയിൽ മുന്നണികൾ