രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ

Last Updated:

സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

News18
News18
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. രാഷ്ട്രപതിയുടെ ഇന്നത്തെ താമസം രാജ്ഭവനിലാണ്.
രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. രാവിലെ 10.20ന് നിലയ്ക്കൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് തിരിക്കും. പമ്പാ സ്നാനത്തിനു പകരം കാൽകഴുകി ശുദ്ധി വരുത്തുന്നതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പമ്പ ഗണപതികോവിലിൽ ഇരുമുടിക്കെട്ട് നിറച്ചശേഷം രാവിലെ 11.10ന് ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ ആറ് വാഹനങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി 12.20ന് പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തും. ഉച്ചപൂജ കണ്ടു തൊഴുതശേഷം ദേവസ്വം ഗെസ്റ്റ്ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതി മൂന്നോടെ നിലയ്ക്കലിലേക്കു മടങ്ങുകയും 4.20ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യും. ഗവർണർ രാജേന്ദ്ര ആർലേക്കറും പത്നി അനഘയും രാഷ്ട്രപതിയെ ശബരിമലയിലേക്ക് അനുഗമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഒഴിവാക്കി.
advertisement
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 12,500 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലുമുള്ളവരോട് ഉച്ചയ്ക്കു ശേഷം മലയിറങ്ങാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന നാളെ ആർക്കും വെർച്വൽ ക്യൂ അനുവദിച്ചിട്ടില്ല. നാളെ വൈകിട്ട് തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗവർണർ രാഷ്ട്രപതിക്കായി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാർ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ്ഗോപി തുടങ്ങിയവരടക്കം നൂറ്റൻപതോളം പൗരപ്രമുഖർക്ക് വിരുന്നിൽ ക്ഷണമുണ്ട്.
advertisement
ഒക്ടോബർ 23ന് രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. ഗവർണറെക്കൂടാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് 11.55ന് വർക്കലയ്ക്കു ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി, ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചഭക്ഷണം ശിവഗിരിയിലാണ്. വൈകിട്ട് 3.50ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി 4.15ന് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം 6.20ന് കുമരകത്തെ താജ് റിസോർട്ടിലെത്തി അവിടെ താമസിക്കും.
advertisement
സന്ദർശനത്തിന്റെ അവസാന ദിവസം, ഒക്ടോബർ 24ന്, രാവിലെ 11ന് കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരിക്കും. 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം ഏറ്റുവാങ്ങി റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10ന് ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 3.45നു നാവികസേനാ വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലെത്തി, 4.15ന് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി ഡൽഹിക്കു മടങ്ങും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ
Next Article
advertisement
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ
  • രാഷ്ട്രപതി നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും

  • സന്ദർശനം കണക്കിലെടുത്ത് ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണങ്ങൾ

  • ഇന്ന് 12,500 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്

View All
advertisement