പാക് പൗരന്മാര്‍ ഇങ്ങോട്ട് വരണ്ട; യുഎഇ വിസ നല്‍കുന്നത് നിര്‍ത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാക് പൗരന്മാരുടെ വിസ അപേക്ഷകള്‍ അസാധാരണമായി ഉയര്‍ന്ന തോതില്‍ നിരസിക്കപ്പെടുന്നുണ്ട്
സാധാരണ പാസ്‌പോര്‍ട്ടുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി യുഎഇ. ഇക്കാര്യത്തില്‍ യുഎഇ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമോ എന്ന ആശങ്കയെത്തുടര്‍ന്നുള്ള നീക്കമാണിതെന്ന് പാകിസ്ഥാന്‍ തന്നെ സമ്മതിക്കുന്നു. പാകിസ്ഥാനിലെ മനുഷ്യാവകാശ വിഷയങ്ങള്‍ പരിഗണിക്കുന്ന സെനറ്റ് ഫങ്ഷണല്‍ കമ്മിറ്റി വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ പാക് പൗരന്മാര്‍ക്ക് യുഎഇ റെഗുലര്‍ വിസ നല്‍കുന്നത് നിര്‍ത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമിന മുംതാസ് സെഹ്രി ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാക് പൗരന്മാരുടെ വിസ അപേക്ഷകള്‍ അസാധാരണമായി ഉയര്‍ന്ന തോതില്‍ നിരസിക്കപ്പെടുന്നുണ്ട്. യുഎഇ വിസ നല്‍കുന്നത് നിര്‍ത്തിയോ എന്ന സംശയവും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ കുറച്ച് വിസ അനുവദിച്ചതെന്നും സമിന മുംതാസ് അറിയിച്ചു.
പാകിസ്ഥാന്‍ പൗരന്മാര്‍ യുഎഇയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായും ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നതായും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സെനറ്റ് അംഗങ്ങളെ അറിയിച്ചു. ഇതാണ് വിസ അംഗീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണമായതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചതായാണ് വിവരം.
advertisement
അതേസമയം ഇക്കാര്യത്തില്‍ യുഎഇയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, സാധാരണ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് റെഗുലര്‍ വിസ നല്‍കുന്നത് യുഎഇ അനൗദ്യോഗികമായി തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നതായി പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിസ അനുവദിക്കുന്നത് വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാന്‍ അപേക്ഷകരുടെ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം, സംശയാസ്പദമായ വിദ്യാഭ്യാസ യോഗ്യതകള്‍, രേഖകളിലെ ക്രമക്കേടുകള്‍ എന്നിവയില്‍ യുഎഇ അധികൃതര്‍ ആശങ്ക അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിസിറ്റിംഗ് വിസകളില്‍ യുഎഇയില്‍ എത്തുന്നവര്‍ നിയമാനുസൃതമായ ജോലിക്ക് പകരം ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നതും ആശങ്കയ്ക്ക് കാരണമായി. നിലവില്‍ നീല പാസ്‌പോര്‍ട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മാത്രമേ വിസ നല്‍കുന്നുള്ളു.
advertisement
അതേസമയം, സൗദി അറേബ്യയും യുഎഇയും പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടിന് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്മാറിയതായി പാക് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി സല്‍മാന്‍ ചൗധരി പറഞ്ഞു. ഇത്തരമൊരു നീക്കം നടപ്പാക്കിയാല്‍ പിന്‍വലിക്കുക ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയും സൗദിയും പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടിന് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിയിരുന്നുവെന്നും സല്‍മാന്‍ ചൗധരി അറിയിച്ചു.
വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി യുഎഇ ഉദ്യോഗസ്ഥര്‍ നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ വര്‍ഷം പകുതിയോടെ വ്യാപകമായ വിസ നിരസിക്കലുകള്‍ തുടര്‍ന്നു. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണ സംവിധാനങ്ങളും കര്‍ശനമായ പരിശോധനകളും നടപ്പിലാക്കിയതോടെ അപേക്ഷകള്‍ കൂടുതല്‍ മന്ദഗതിയിലായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 01, 2025 5:30 PM IST


