ആദ്യ കുറ്റത്തിന് ജയിലിൽ അടയ്ക്കില്ല; പകരം നല്ല നടപ്പ്
Last Updated:
കൊച്ചി: ആദ്യമായി കുറ്റം ചെയ്യുന്നവരെ കുറ്റം തെളിഞ്ഞാലും ജയിലിൽ അടയ്ക്കില്ല. പകരം നല്ല നടപ്പിന് വിടാനാണ് തീരുമാനം. 2016-ൽ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കോടതികൾക്ക് ഇതുസംബന്ധിച്ച നിർദേശം ഹൈക്കോടതി കൈമാറിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേസിന്‍റെ സ്വഭാവം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, കുറ്റവാളിയുടെ പ്രായം, പ്രകൃതം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചായിരിക്കും നല്ല നടപ്പിന് വിടുന്ന കാര്യത്തിൽ കോടതിക്ക് തീരുമാനമെടുക്കാനാകുക. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനതല ഉപദേശക സമിതി യോഗം ഓഗസ്റ്റ് എട്ടിന് ചേർന്ന് തീരുമാനമെടുത്തിരുന്നു.
നല്ല നടപ്പ്- നടപടികൾ ഇങ്ങനെ
ആദ്യമായി കുറ്റം ചെയ്ത ഒരാൾ പ്രതിയായുള്ള കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നല്ല നടപ്പ് സംബന്ധിച്ച നടപടി തുടങ്ങുന്നത്. പൊലീസിന്‍റെ സഹായത്തോടെ പ്രതിയുടെ സമ്പൂർണവിവരങ്ങൾ ശേഖരിക്കുന്ന കോടതി, കുറ്റം ചെയ്ത സാഹചര്യം വിലയിരുത്തും. എല്ലാ സാഹചര്യവും പരിഗണിച്ചശേഷം കുറ്റം ചെയ്തിട്ടുണ്ടെന്നും, ആദ്യ കുറ്റമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും. ഉപാധികളോടെ നല്ലനടപ്പിന് വിടുകയാണെന്നും കോടതി ഉത്തരവിടും. ഇതിനൊപ്പം ഭാവിയിൽ ഒരു കുറ്റകൃത്യവും ചെയ്യരുതെന്ന കർശന നിർദേശവും കോടതി നൽകും. വിട്ടയയ്ക്കുന്ന ആളെ കർശനമായി നിരീക്ഷിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നല്ലനടപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്തു അതേ കോടതിയിൽ ഹാജരാക്കി ജയിലിലടയ്ക്കമെന്നും ഹൈക്കോടതി നൽകിയ നിർദേശത്തിൽ പറയുന്നു.
advertisement
എന്താണ് നല്ല നടപ്പ്?
ആദ്യമായി കുറ്റം ചെയ്തയാളെ നല്ല നടപ്പിനായി വിടുന്നത് പ്രൊബേഷൻ ഓഫീസർ നിഷ്കർഷിക്കുന്ന കർശന വ്യവസ്ഥകളോടെയായിരിക്കും. ആ വ്യക്തി വളർന്നുവന്ന സമൂഹത്തിൽ കുടുംബത്തിലുമായി ജീവിക്കാൻ വിടും. കുടുംബാംഗങ്ങളുമായും സമൂഹവുമായി ബന്ധപ്പെടുമ്പോൾ അയാളിലെ കുറ്റവാസന ഇല്ലാതാകുമെന്ന് കണക്കാക്കുന്നു. ഇതിലൂടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പൌരനായി അയാളെ മാറ്റിയെടുക്കുന്ന സാമൂഹിക ചികിത്സാ സമ്പ്രദായമാണ് നിയമ ഭാഷയിൽ നല്ല നടപ്പ് എന്ന് പറയുന്നത്. ഇക്കാലയളവിൽ ഇയാൾ കോടതിയുടെ മേൽനോട്ടത്തിൽ നിരീക്ഷണത്തിലായിരിക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ, അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും, ജയിലിൽ അടയ്ക്കണമെന്നുമാണ് വ്യവസ്ഥ.
advertisement
വിചാരണ തടവുകാർക്കും നല്ല നടപ്പ്
ആറുമാസത്തിലധികമായി വിചാരണ കാത്തു കഴിയുന്ന തടവുകാർക്കും നല്ല നടപ്പ് ബാധകമായിരിക്കും. ജില്ലാതല പുനഃപരിശോധന സമിതിയ്ക്കായിരിക്കും വിചാരണ തടവുകാരുടെ കാര്യത്തിൽ തീരുമാനം എടുക്കാനാകുക. വിചാരണ തടവുകാരുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനോ ജാമ്യം നൽകാനോ ഉള്ള അധികാരം പുനഃപരിശോധന സമിതിക്ക് ഉണ്ടായിരിക്കും. സെഷൻസ് ജഡ്ജി അധ്യക്ഷനായ സമിതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ജില്ലാ പൊലീസ് മേധാവി, പൊലീസ് കമ്മീഷണർ, ജയിൽ സൂപ്രണ്ടുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ, പ്രൊബേഷനറി ഓഫീസർമാർ എന്നിവർ സമിതി അംഗങ്ങളായിരിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2018 1:23 PM IST


