കൊച്ചി: കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നാം തവണയും പി വി അൻവർ എംഎൽഎ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പിൽ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് ഹാജരായത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അൻവറിനെ വിളിച്ചുവരുത്തി ഇ ഡി ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു.
പതിവുപോലെ ചോദ്യം ചെയ്യലിന് പിന്നിൽ മാധ്യമങ്ങളെ പരിഹസിച്ച് അൻവർ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തി. എന്നും കാണുന്ന സഹോദരന്മാരെ ഒന്നും ഇന്ന് വൈകിട്ട് മാച്ച് ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ കണ്ടില്ലല്ലോ, എന്തുപറ്റിയെന്ന് അൻവർ ചോദിക്കുന്നു.
അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്
എന്നും കാണുന്ന സഹോദരന്മാരെ ഒന്നും ഇന്ന് വൈകിട്ട് മാച്ച് ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ കണ്ടില്ലല്ലോ..😄
ന്ത് പറ്റി?
ക്യാമറയിൽ ചാർജ്ജില്ലേ?
മൈക്ക് കേടായോ?
അതോ ഇന്നലെ കൊണ്ട് കോൺട്രാക്ട് തീർന്നോ?
ഇന്നൊന്നും കിട്ടിയില്ലേ?
മൈ ഡിയർ മാപ്രാസ്..
ഒന്ന് അപ്പ്‌ഡേറ്റ് ചെയ്യടോ..പ്ലീസ്..😉
പി വി അൻവറിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇഡി കൊച്ചി യൂണിറ്റ് മലപ്പുറം സ്വദേശിയിൽ നിന്ന് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പി വി അൻവർ ആരോപണവിധേയനായ ക്രഷർ തട്ടിപ്പുകേസിൽ പരാതിക്കാരനായ മലപ്പുറം പട്ടർകടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നാണ് മൊഴിയെടുത്തത്.
അസിസ്റ്റന്റ് ഡയറക്ടർ സുരേന്ദ്ര ഗണേഷ് കവിത്കറിന്റെ നേതൃത്വത്തിലെ സംഘമാണ് അന്ന് വിവരങ്ങൾ തേടിയത്. മംഗളൂരു ബൽത്തങ്ങാടിയിലെ ക്രഷർ അൻവറിന് വിറ്റ കാസർഗോഡ് സ്വദേശി ഇബ്രാഹിമിനെയും ഇ. ഡി വിളിപ്പിച്ചിരുന്നു. ക്രഷറിൽ ഷെയറും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി അൻവർ കബളിപ്പിച്ചെന്ന് കാണിച്ച് സലീം മഞ്ചേരി സി.ജെ.എം കോടതിയിൽ നൽകിയ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇ ഡി ശേഖരിച്ചത്.
2017ലാണ് പരാതി കോടതിയിൽ നൽകിയത്. പിന്നീട് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് രണ്ടുതവണ റിപ്പോർട്ട് നൽകി. നിലവിൽ സിജെഎം കോടതിയിലുള്ള ഈ കേസ് അവസാനഘട്ടത്തിലാണ്. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. ക്രഷർ വിൽപനയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരായ ആദ്യ ദിവസം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വന്നതാണെന്നായിരുന്നു അൻവർ പ്രതികരിച്ചത്. ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെ പിവി അൻവറിന്റെ ഫെയ്സ്ബുക്കിലൂടെ പരിഹാസം നിറഞ്ഞ പോസ്റ്റുകളും വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.