ഈശ്വരാ....ആരു ചെയ്ത പാപമിന്നു പേറിടുന്നു.. ഈ രാഹുൽ 11 ദിവസമായി അകത്ത്; മാങ്കൂട്ടത്തിലും സന്ദീപും പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
കേസില്‍ അഞ്ചാം പ്രതിയായായ രാഹുല്‍ ഈശ്വർ അകത്ത് കഴിയുമ്പോൾ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉൾപ്പെടെ കേസിലെ മറ്റ് നാല് പ്രതികൾ പുറത്താണ് എന്നതാണ് യാഥാർഥ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ രാഹുല്‍ ഈശ്വർ ജയിലിലായിട്ട് 11 ദിവസം. എന്നാൽ കേസിന് ആസ്പദമായ രണ്ട് ബലാത്സംഗ കേസുകളിലും പ്രതിയായി ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്ക് രണ്ടാമത്തെ കേസിലും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനൊപ്പം മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടു. ഈ മാസം 15ന് സന്ദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ അറസ്റ്റ് ചെയ്യില്ലെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലും മുൻകൂർ ജാമ്യവും
ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന് കാട്ടി ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ ഇന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
advertisement
ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് വീണ്ടും 15നാണ് പരിഗണിക്കുന്നത്. ഇതോടെ ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താന്‍ കഴിയും.
രാഹുൽ ഈശ്വറും ജയിലും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിക്കാരിയെ അപമാനിച്ചെന്ന കേസിൽ നവംബർ 30നായിരുന്നു പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കി. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തിരുവനന്തപുരം എസിജെഎം കോടതി തള്ളുകയായിരുന്നു. ഇതോടെ ജയിലിനുള്ളിൽ ആഹാരം കഴിക്കാതെ സമരം തുടങ്ങി. അടുത്ത ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജയിലില്‍ സമരം തുടര്‍ന്നതില്‍ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
advertisement
ആഹാരം കഴിക്കാതെയുള്ള സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു. പിന്നാലെ നിരാഹാരം അവസാനിപ്പിച്ചു. തന്റെ കക്ഷിക്ക് ബുദ്ധിയില്ലെന്ന് കേസിനിടെ അഭിഭാഷകൻ പറഞ്ഞിരുന്നു
സമൂഹ മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) ജാമ്യം തള്ളിയത്.
advertisement
രണ്ടാം തവണയാണ് രാഹുലിന്‍റെ ജാമ്യം തള്ളിയത്. കഴിഞ്ഞദിവസം കേസില്‍ ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയില്‍ ഒരു അഭിഭാഷകനെ കൊണ്ടും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മറ്റൊരു അഭിഭാഷകനെ കൊണ്ടും ജാമ്യ ഹർജി ഫയല്‍ ചെയ്തത് ശനിയാഴ്ച പരിഹരിക്കുകയും കോടതിയിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന രാഹുൽ ഈശ്വറിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടാൽ കുറ്റം ആവര്‍ത്തിക്കും. പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയെ സംബന്ധിക്കുന്ന വിഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ തയാറാണെന്ന് രാഹുലിന്‍റെ അഭിഭാഷകൻ അറിയിച്ചു.
advertisement
പോലീസ് ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. ജാമ്യഹർജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടർന്നാണ് ഹർജി തള്ളിയത്.
'കിഡ്‌നിക്ക് പ്രശ്‌നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും 5 ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു. 11 ദിവസമായി. സ്റ്റേഷന്‍ജാമ്യം കിട്ടേണ്ട കേസ് ആണ്'- ഇന്ന് വൈദ്യപരിശോധനക്ക് എത്തിക്കുന്നതിനിടെ രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. കേസില്‍ അഞ്ചാം പ്രതിയായായ രാഹുല്‍ ഈശ്വർ ഇങ്ങനെ കഴിയുമ്പോൾ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉൾപ്പെടെ കേസിലെ മറ്റ് നാല് പ്രതികൾ പുറത്താണ് എന്നതാണ് യാഥാർഥ്യം. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.
advertisement
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 10, 2025 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈശ്വരാ....ആരു ചെയ്ത പാപമിന്നു പേറിടുന്നു.. ഈ രാഹുൽ 11 ദിവസമായി അകത്ത്; മാങ്കൂട്ടത്തിലും സന്ദീപും പുറത്ത്







