തിരുപ്പതിക്കും വേളാങ്കണ്ണിക്കും ദ്വൈവാര ട്രെയിനുകൾ; പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും എറണാകുളത്തുനിന്ന് കൊല്ലം, ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുമാണ് പുതിയ ദ്വൈവാര ട്രെയിനുകൾ സർവീസ് നടത്തുക
തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി അനുവദിക്കാൻ കേന്ദ്ര റെയിൽവേ ബോർഡ് തീരുമാനിച്ചു. സംസ്ഥാനത്തുനിന്ന് വേളാങ്കണ്ണി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ ട്രെയിനുകൾ ഓടിക്കുന്നത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കും ദ്വൈവാര ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതുകൂടാതെ പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും റെയിൽവേ ബോർഡ് തീരുമാനിച്ചു.
നിലവിൽ എറണാകുളത്ത് നിന്നു വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനാണ് ദ്വൈവാര എക്സ്പ്രസ് ട്രെയിനായി മാറുന്നത്. തിങ്കള്‍, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. ഉച്ചയ്ക്കു 12.35ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴി പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തുംവിധമാണ് മടക്ക സർവീസ്.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കുള്ള ദ്വൈവാര എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നത്. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു കൊല്ലം-തിരുപ്പതി-കൊല്ലം എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നടത്തുന്നത്. പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്ന തീയതികളും സ്റ്റോപ്പും വിശദമായ സമയക്രമവും ഉടൻതന്നെ റെയിൽവേ ബോർഡ് പ്രഖ്യാപിക്കും. തിരുപ്പതി, വേളാങ്കണ്ണി തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ സർവീസുകൾ.
advertisement
പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് വിവിധ എം.പിമാർ റെയിൽവയ്ക്കും വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ പാലക്കാട് നിന്ന് തിരുനെൽവേലി വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇത് തൂത്തുക്കുടിയിലേക്ക് നീട്ടുന്നത് നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 18, 2023 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുപ്പതിക്കും വേളാങ്കണ്ണിക്കും ദ്വൈവാര ട്രെയിനുകൾ; പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടി