'യഥാർത്ഥ കോൺഗ്രസുകാർ ജാഗ്രത കാണിക്കണം'; തൃണമൂൽ കോൺഗ്രസിന്റെ വരവിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസിന്റെ പേരിൽ സംഘടന രൂപം കൊള്ളുന്നത് ദോഷം ചെയ്യുമെന്നും എൻസിപിയുടെയും ഡിഐസിയുടെയും ആഗമനം കോൺഗ്രസ് പാഠം ആക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
കോഴിക്കോട്: തൃണമൂൽ കോൺഗ്രസിന്റെ കേരളത്തിലേക്കുള്ള വരവിൽ മുന്നറിയിപ്പുമായി കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്റെ പേരിൽ സംഘടന രൂപം കൊള്ളുന്നത് ദോഷം ചെയ്യുമെന്നും എൻസിപിയുടെയും ഡിഐസിയുടെയും ആഗമനം കോൺഗ്രസ് പാഠം ആക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡിഐസിയിൽ ചേർന്ന പലരും കോൺഗ്രസിൽ തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
യഥാർത്ഥ കോൺഗ്രസുകാർ ജാഗ്രത കാണിക്കണം. കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പേരു ചേർത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാൽ പാർട്ടിയുമായി പിണങ്ങി നിന്നവർ കോൺഗ്രസ്സ് വിട്ട ചരിത്രം നാം കണ്ടതാണ്. പലരും പിന്നീട് തിരിച്ചു വരാതെ സിപിഎം, ബിജെപി സംഘടനകളിൽ സജീവമാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഡിഐസി രൂപീകരണത്തെ തുടർന്ന് കോൺഗ്രസ്സ് വിട്ടു പോകാൻ നിർബന്ധിതരായ ഒട്ടേറെ പ്രവർത്തകർ മറ്റു പാർട്ടികളിൽ സജീവമായി.
advertisement
ചിലർ എന്നെന്നേക്കുമായി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. ചരിത്രത്തിൻ്റെ പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണം. രാഷ്ട്രീയ മെയ് വഴക്കം അറിയാത്ത ഒരു പാട് നല്ല കോൺഗ്രസ്സുകാർ കൊച്ചു കൊച്ചു കാരണങ്ങൾ കൊണ്ട് ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് മാറി നില്ക്കുന്നു. ഒരു പുതിയ കോൺഗ്രസ്സിൻ്റെ ആവിർഭാവം ചെറിയ തോതിലെങ്കിലും മാതൃസംഘടനയായ കോൺഗ്രസ്സിന് ദോഷമേ വരുത്തുകയുള്ളൂ. സംഘടന കോൺഗ്രസ്സ്, പിന്നീട് എൻസിപി. തുടർന്ന് ഡിഐസിയുടെ ആഗമനം, കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു പാഠമാകേണ്ടതുണ്ട്. -മുല്ലപ്പള്ളി രാമചന്ദ്രൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
January 13, 2025 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യഥാർത്ഥ കോൺഗ്രസുകാർ ജാഗ്രത കാണിക്കണം'; തൃണമൂൽ കോൺഗ്രസിന്റെ വരവിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്