'മുസ്‌ലിം സ്ത്രീകളെ പൊതുപ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്':സമസ്ത
- Published by:Sarika N
- news18-malayalam
Last Updated:
മുസ്‌ലിം സ്ത്രീകൾ വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകരുതെന്നും സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കാസർഗോഡ്: മുസ്‌ലിം സ്ത്രീകളെ രാഷ്ട്രീയമോ സാമൂഹികമോ ആയ പൊതുപ്രവർത്തനങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം സ്ത്രീകൾ വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകരുതെന്നും പാരമ്പര്യ പണ്ഡിതന്മാർ നിശ്ചയിച്ചിട്ടുള്ള മതപരമായ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ജീവിതമാണ് ഭൗതികവും പാരത്രികവുമായ വിജയത്തിന് ആധാരമെന്നും കാസർഗോഡ്നടന്ന നൂറാം വാർഷിക സമ്മേളനം ഓർമ്മിപ്പിച്ചു.
ആധുനികതയുടെയും ലിബറലിസത്തിന്റെയും സ്വാധീനത്താൽ സ്ത്രീകൾ പൊതുവിടങ്ങളിൽ ധാർമികതയുടെ അതിരുകൾ ഭേദിക്കുന്നത് ഭൂഷണമല്ലെന്നും മൗലികമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കരുതെന്നും ഒളവണ്ണ അബൂബക്കർ ദാരിമി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഷീ ഹോസ്റ്റൽ, ഷീ ടാക്സി തുടങ്ങിയ സ്ത്രീപക്ഷ ബദലുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നാണ് സംഘടനയുടെ നിലപാട്. മിശ്രലിംഗ സംവിധാനങ്ങൾക്ക് പകരമായി ഇത്തരം സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുന്നതിനാണ് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ പ്രസക്തിയേറുന്നത്. ഇസ്‌ലാം മതം സ്ത്രീകൾക്ക് വിദ്യാഭ്യാസം, സമ്പാദനാവകാശം, അനന്തരാവകാശം, ഉന്നത ആത്മീയ വ്യക്തിത്വം തുടങ്ങിയ അവകാശങ്ങളെല്ലാം വകവെച്ചു നൽകുന്നുണ്ടെങ്കിലും ഇവയെല്ലാം മതപരമായ പരിധികൾ ലംഘിച്ചുകൊണ്ടാകരുത്. കുലീനതയും വിനയവുമാണ് സ്ത്രീയുടെ യഥാർത്ഥ അലങ്കാരമെന്നും വികലമായ പുരോഗമന വാദങ്ങളിൽ വീഴാതെ സ്വഹാബി വനിതകളുടെയും പുണ്യവതികളായ മുൻഗാമികളുടെയും മാതൃക പിൻപറ്റാൻ സ്ത്രീസമൂഹം തയ്യാറാകണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Feb 10, 2026 9:47 AM IST










