സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ആണ് മൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തൻറെ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായർ ആവശ്യപ്പെടുന്നു.
ഇതേതുടർന്ന് സിജെഎം കോടതി സന്ദീപ് നായരുടെ അപേക്ഷ പരിഗണിക്കുകയും രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തി സന്ദീപ് നായർ മൊഴി നൽകിയത്. രണ്ടുമണിക്കൂറോളം മൊഴി രേഖപ്പെടുത്തുന്നത് നീണ്ടു നിന്നു.
എന്നാൽ രഹസ്യമൊഴി നൽകുന്നതുകൊണ്ട് സന്ദീപിനെ മാപ്പുസാക്ഷി ആക്കാൻ കഴിയുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കോടതി അറിയിച്ചിരുന്നു. അതേസമയം സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കുന്നതിനെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് എൻഐഎ സംഘവും സൂചിപ്പിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഴുവൻ സംഭവങ്ങളും തുറന്നുപറയാൻ തയ്യാറാണെന്ന് കാണിച്ചാണ് സന്ദീപ് നായർ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.
ഈ മൊഴി ഒരുപക്ഷേ നാളെ തനിക്കെതിരെയുള്ള തെളിവുകളായി മാറിയേക്കും എന്നും സന്ദീപ് നായർ വ്യക്തമാക്കിയിരുന്നു. സിആർപിസി 164 പ്രകാരം ആണ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായർ. മൊഴി രേഖപ്പെടുത്തിയശേഷം സന്ദീപ് നായരെ തിരികെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, Sandeep nair