സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥിയാകുമോ? മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒട്ടേറെ സെലിബ്രറ്റി സ്ഥാനാർത്ഥികളെയും ബിജെപി പരീക്ഷിക്കുമെന്ന റിപ്പോർട്ടുകൾക്കൊപ്പമാണ് സഞ്ജു സാംസന്റെ പേരും ഉയർന്നത്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളും ഇതു സംബന്ധിച്ച് വാർത്തകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡൽഹിയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
'ഇത്തവണ സഞ്ജു സാംസൺ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ടെന്ന് കേട്ടല്ലോ' എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, 'എന്നോട് ആരും ചോദിച്ചിട്ടില്ല, എനിക്കൊന്നുമറിയില്ല' എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഈ മാസം അന്തിമരൂപമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 65-70 പേരാണ് പട്ടികയിലുണ്ടാവുക. 30നു മുൻപ് ഇത് ഡൽഹിയിലേക്ക് അയയ്ക്കും. വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതും വായിക്കുക: കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒട്ടേറെ സെലിബ്രറ്റി സ്ഥാനാർത്ഥികളെയും ബിജെപി പരീക്ഷിക്കുമെന്ന റിപ്പോർട്ടുകൾക്കൊപ്പമാണ് സഞ്ജു സാംസന്റെ പേരും ഉയർന്നത്. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇതു നിഷേധിക്കുകയായിരുന്നു. നടൻ ഉണ്ണി മുകുന്ദന്റെ പേരും നേരത്തെ ഉയർന്നുവന്നിരുന്നു. പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്നായിരുന്നു റിപ്പോർട്ടുകൾ.
advertisement
അതേസമയം, സഞ്ജു സാംസൺ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ്. 21നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. 31നു പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ്. ഇതിനുശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു അംഗമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന സ്വന്തം നാട്ടിലെ പരിപാടിയിൽ സഞ്ജു പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ വൈറലാണ്.
Summary: Campaigns are circulating on social media and through some online news outlets suggesting that Indian cricket's Malayali superstar, Sanju Samson, might become a BJP candidate in the upcoming Assembly elections. However, BJP State President Rajeev Chandrasekhar has now come forward with a response to these queries. He addressed the matter during a press conference held in Delhi regarding the elections.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 16, 2026 10:23 AM IST






