കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടർ പിടികൂടി
- Published by:Sneha Reghu
- news18-malayalam
Last Updated:
ആളൊഴിഞ്ഞ പറമ്പിൽ അലസമായി കൂട്ടിയിട്ട നിലയിലായിരുന്നു സിലിണ്ടറുകൾ
കോഴിക്കോട്: പെരുമണ്ണയിൽ ജനവാസ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 60 കാലി സിലിണ്ടറുകളും ഗ്യാസ് നിറഞ്ഞ 4 സിലിണ്ടറുകളുമാണ് കണ്ടെടുത്തത്.
യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ, ആളൊഴിഞ്ഞ പറമ്പിൽ അലസമായി കൂട്ടിയിട്ട നിലയിലായിരുന്നു സിലിണ്ടറുകൾ. ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ സിലിണ്ടറുകൾ സൂക്ഷിച്ചത് വലിയ അപകടഭീഷണി ഉയർത്തിയിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകൾ നിലവിൽ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനാ സംഘത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, ബൈജു, ബവിത, ഷൈബ എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Apr 01, 2026 4:53 PM IST







