ഓണസദ്യ തികഞ്ഞില്ല; വനിത ഹോട്ടൽ ആക്രമിച്ച കേസിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ
Last Updated:
എറണാകുളം നോർത്ത് എസ്.ആർ.എം റോഡിൽ പ്രവർത്തിക്കുന്ന കൊതിയൻസ് വനിതാ ഹോട്ടലിനുനേരെ ഇക്കഴിഞ്ഞ ആറാം തീയതിയാണ് ആക്രമണമുണ്ടായത്
കൊച്ചി: എറണാകുളം നോർത്തിൽ വനിതാ ഹോട്ടൽ ആക്രമിച്ച സംഭവത്തിൽ ഏഴ് വിദ്യാർഥികൾ അറസ്റ്റിലായി. മഹാരാജാസ് കോളേജ് ബിരുദ വിദ്യാർഥികളായ കൊല്ലം ആയൂർ ശ്രീനിലയം വീട്ടിൽ നിഖിൽ(21), എഴുപുന്ന സ്വദേശി പുത്തൻതറ വീട്ടിൽ നന്ദി(19), ഞാറക്കൽ സ്വദേശി തുമ്പപറമ്പിൽ വീട്ടിൽ അർജുൻ(25), ചേർത്തല സ്വദേശി കേശവനിവാസിൽ ശ്രീകേഷ്(20), അർത്തുങ്കൽ ആര്യശേരി വീട്ടിൽ ജെൻസൻ(18), മുടിക്കൽ കുന്നത്ത് വീട്ടിൽ മനു(19), ഇടപ്പള്ളി സ്വദേശി കിഴവന പറമ്പിൽ വീട്ടിൽ നിതിൻ ദാസ്(20) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് എസ്.ആർ.എം റോഡിൽ പ്രവർത്തിക്കുന്ന കൊതിയൻസ് വനിതാ ഹോട്ടലിനുനേരെ ഇക്കഴിഞ്ഞ ആറാം തീയതിയാണ് ആക്രമണമുണ്ടായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് ഹോസ്റ്റലിൽ നടക്കുന്ന ഓണാഘോഷത്തിന് 455 പേർക്കുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. 90 നിരക്കിലായിരുന്നു ഓണസദ്യ ഏർപ്പെടുത്തിയത്. ഇതിനായി 2800 രൂപ അഡ്വാൻസും നൽകി. രാവിലെയോടെ 68 പാത്രങ്ങളിലായി ഹോട്ടലിൽനിന്ന് ഭക്ഷണം ഹോസ്റ്റലിൽ എത്തിച്ചു. എന്നാൽ ഉച്ചയ്ക്ക് രണ്ടരയോടെ ഒരു സംഘം വിദ്യാർഥികൾ 150 പേർക്കുപോലും ഭക്ഷണം തികഞ്ഞില്ലെന്ന് ആരോപിച്ച് ഹോട്ടലിലെത്തി അതിക്രമം കാട്ടുകയായിരുന്നു. ഹോട്ടലിലെ പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു. ഹോട്ടൽ ഉടമ ശ്രീകലയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങൾ എസ്.എഫ്.ഐക്കാരാണെന്ന് പറഞ്ഞുകൊണ്ടാണ് അക്രമം നടത്തിയതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ഹോട്ടലിൽനിന്ന് 20000 രൂപയും വിദ്യാർഥി സംഘം കൈക്കലാക്കിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
advertisement
മരടിലെ ഫ്ലാറ്റുടമകൾക്ക് ഒഴിയൽ നോട്ടീസ് നൽകും: നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗവും ഇന്ന്
ഇതിനിടയിൽ പാർട്ടി നേതാക്കളും വ്യാപാരി സംഘടനാ ഭാരവാഹികളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. ഹോട്ടലിൽനിന്ന് കവർന്നെടുത്ത പണവും ഹോട്ടലിനുണ്ടായ നഷ്ടപരിഹാരവും വിദ്യാർഥികൾ തന്നെ നൽകുമെന്നായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ. ഇതനുസരിച്ച് പരാതി പിൻവലിക്കുകയും ചെയ്തു. എന്നാൽ ഭക്ഷണം കൊണ്ടുപോയ പാത്രങ്ങൾ തിരികെയെടുക്കാൻ പോയപ്പോൾ ഹോട്ടൽ ജീവനക്കാരെയും വ്യാപാരിപ്രവർത്തകരെയും അക്രമിക്കാൻ വിദ്യാർഥികൾ ശ്രമിച്ചു. അന്ന് കഷ്ടിച്ചാണ് രക്ഷപെട്ടതെന്ന് ഹോട്ടലുടമ ശ്രീകല പറയുന്നു. പിറ്റേദിവസം വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നോർത്ത് എസ്.ഐ അനസിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
advertisement
എന്നാൽ അറസ്റ്റിലായ വിദ്യാർത്ഥികളിൽ എസ്എഫ്ഐ പ്രവർത്തകരില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2019 9:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണസദ്യ തികഞ്ഞില്ല; വനിത ഹോട്ടൽ ആക്രമിച്ച കേസിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ